‘മോഡി തന്റെ ഉറ്റ സുഹൃത്ത്; ഒരു ഫോണ്‍ കോളില്‍ 50 ശതമാനം നികുതി കുറച്ചു; ഇനി ലക്ഷ്യം നികുതിയില്ലായ്മ’: ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് നിരവധി തവണ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സംസാരിക്കുകയും ചെയ്തിരുന്നു.

ന്യൂയോര്‍ക്ക്: ഇന്ത്യ ഈടാക്കുന്ന മോട്ടോര്‍സൈക്കിള്‍ താരിഫിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ -അമേരിക്ക നയതന്ത്ര ചര്‍ച്ചകളില്‍ ഇടം പിടിക്കാറുള്ള അമേരിക്കന്‍ നിര്‍മ്മിത ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിന് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ തന്നെയാണ് ഇത്തവണയും ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് നിരവധി തവണ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താരിഫ് കുറച്ചിരുന്നു.

എന്നാല്‍, യുഎസ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ എടുത്തുകളയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. 100 ല്‍ നിന്ന് 50 ശതമാനത്തിലേക്ക് കുറച്ചത് സ്വീകാര്യമല്ലെന്നും 0 ശതമാനത്തിലേക്ക് എത്തിക്കണമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

‘പ്രധാനമന്ത്രി മോഡി എന്റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. യുഎസ് അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോഡിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു.എന്റെ ഒരു ഫോണ്‍ കോള്‍ കൊണ്ട് മോഡി 50 ശതമാനം നികുതി കുറച്ചു. ഞാന്‍ പറഞ്ഞു, ഇത് ഇപ്പോഴും സ്വീകാര്യമല്ലെന്ന് കാരണം 50 ശതമാനവും നികുതി ഇല്ലായ്മയും തമ്മില്‍ വലിയ അന്തരമുണ്ട്.” മോഡിയുമായുളള തന്റെ ടെലിഫോണ്‍ സംഭാഷണത്തെപ്പറ്റി പ്രസിഡന്റ് ട്രംപ് പറഞ്ഞതിങ്ങനെയായിരുന്നു.

Exit mobile version