ജനാലച്ചില്ല് പൊട്ടിച്ച് മുതല വീടിനുള്ളില്‍; മരണത്തെ മുഖാമുഖം കണ്ട് വീട്ടുടമ; പരിഭ്രാന്തി പരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത്

ജനാലച്ചില്ല് തകരുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കളയില്‍ മുതല തന്നെ നോക്കി നില്‍ക്കുന്നതായി മേരി വിച്ചൂസ് കണ്ടത്

ഫ്‌ളോറിഡ: വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് മുതല അകത്തു കയറി. അമേരിക്കയിലെ മേരി വിച്ചൂസന്റെ വീട്ടിലാണ് മുതല അപ്രതീക്ഷിത അതിഥിയായി എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ജനാലച്ചില്ല് തകരുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കളയില്‍ മുതല തന്നെ നോക്കി നില്‍ക്കുന്നതായി മേരി വിച്ചൂസ് കണ്ടത്.

കാഴ്ച കണ്ട് ഇവര്‍ ഞെട്ടി. അടുക്കള ഭാഗത്തെ ചില്ല് തകര്‍ത്താണ് മുതല മേരിയുടെ വീട്ടില്‍ കയറിപ്പറ്റിയത്. ചില്ല് തകരുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് അടുക്കളയില്‍ കിടക്കുകയായിരുന്ന മുതലയെ ഇവര്‍ കണ്ടത്. മുതലയുടെ സുന്ദരമായ മുഖം തന്നെ തുറിച്ച് നോക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് ഒരു മാധ്യമത്തോട് മേരി പറഞ്ഞു.

ഒടുവില്‍ മുതല മേരിയെ ആക്രമിക്കാനായി എത്തിയതോടെ ഇവര്‍ ഓടി കിടപ്പു മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ശേഷം ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു. മുതലയെ പിടികൂടാന്‍ ആളെത്തിയപ്പോഴേക്കും അടുക്കളയിലെ ചുമരുകള്‍, ഫ്രിഡ്ജ്, ഫര്‍ണ്ണിച്ചര്‍ എന്നിവ മുതല നശിപ്പിച്ചിരുന്നു. മേരി സൂക്ഷിച്ചിരുന്ന വൈന്‍ ശേഖരം മുഴുവനും തട്ടിമറിക്കുകയും ചെയ്തു.

വിദഗ്ധമായി മുതലയെ പിടികൂടിയ അധികൃതര്‍ ഇതിനെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുതല തന്നെ കുറച്ചൊന്നുമല്ല പരിഭ്രാന്തിയാക്കിയതെന്ന് മേരി പറയുന്നു. അപ്രതീക്ഷിതമായി എത്തിയ മുതല വരുത്തിവെച്ച നഷ്ടം കുറച്ചൊന്നുമല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.


crocodile

Exit mobile version