മകളുടെ വിവാഹത്തിന് സ്വരൂക്കൂട്ടിയ തുകയില്‍ നിന്നും അഞ്ച് സ്‌നേഹവീടുകള്‍: കാരരുണ്യത്തിന്റെ മഹാമാതൃകയായി സുന്ദരന്‍ മേസ്ത്രിയും കുടുംബവും

ഇരിട്ടി: പെണ്‍മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും സ്വപ്‌നമാണ് അവരുടെ വിവാഹം. അതിനു വേണ്ടിയാണ് അഹോരാത്രം എല്ലാവരും അധ്വാനിക്കുന്നത്. അങ്ങനെ സ്വരൂപിച്ച് കൂട്ടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി മാതൃകയായിരിക്കുകയാണ് ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോലയിലെ സുന്ദരന്‍ മേസ്ത്രി. മകളുടെ വിവാഹത്തിന് ഒരുക്കൂട്ടിയ തുകയത്രയും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് ഇദ്ദേഹം.

മകള്‍ ബംഗളൂരുവില്‍ നിന്ന് ഉന്നതപഠനം കഴിഞ്ഞെത്തിയപ്പോള്‍ രണ്ടുവര്‍ഷം ജോലി ചെയ്ത ശേഷം മതി കല്ല്യാണമെന്ന് തീരുമാനിച്ചു. ആ ആഗ്രഹത്തിന് അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെ മകളുടെ സമ്മതത്തോടെ തന്നെ ആ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കാനും തീരുമാനിച്ചു. അങ്ങനെ അഞ്ച് കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് മേസ്ത്രിയും കുടുംബവും. സുന്ദരന്‍ മേസ്ത്രിയും ഭാര്യ ഷീനയും മക്കളായ സോനയും സായന്തുമാണ് ഈ മഹാകാരുണ്യത്തിന് പിന്നില്‍.

കോളിക്കടവ് തെങ്ങോലയില്‍ വീടുകളുടെ അവസാന മിനുക്കുപണികളിലാണ് മേസ്ത്രിയും തൊഴിലാളികളും. 750 ചതുരശ്ര അടിയില്‍ ഒരേ ഘടനയില്‍ പണിത അഞ്ച് കോണ്‍ക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, അടുക്കള, വരാന്ത, പിന്‍വശത്ത് ഷീറ്റ് മേഞ്ഞ മുറ്റം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീടുകള്‍. ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ച നാല് സെന്റ് വീതമുള്ള സ്ഥലത്താണ് വീടുകള്‍. പൊതുവായി നിര്‍മിച്ച കിണറില്‍ നിന്നാണ് അഞ്ച് വീട്ടിലേക്കുമുള്ള കുടിവെള്ളം.

അഞ്ചുവീടുകള്‍ക്കും സ്ഥലത്തിനുംകൂടി ഒരു കോടിയോളം രൂപയാണ് ചെലവ്. പ്ലാസ്റ്റിക് കൂരയില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്കും പത്തു വര്‍ഷം മുമ്പ് സുന്ദരന്‍ മേസ്ത്രി കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്. ഇതിനുപിന്നാലെ കെട്ടിടനിര്‍മാണ കരാര്‍ രംഗത്ത് നേടിയ പുരോഗതിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് മേസ്ത്രിയെ നയിച്ചത്. 165 അപേക്ഷകള്‍ ലഭിച്ചു. കൃത്യമായ പരിശോധനയിലൂടെയാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.

പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. നിരയായി നിര്‍മിച്ച വീടുകളില്‍ ഒന്നാമത്തേത് ഭിന്നശേഷിയില്‍പ്പെട്ട കുടുംബത്തിനാണ്. മറ്റ് നാലുവീട് ആര്‍ക്കൊക്കെ എന്ന ക്രമം കണ്ടെത്താന്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഞായറാഴ്ച രാവിലെ പത്തിന് കോളിക്കടവില്‍ നറുക്കെടുപ്പ് നടത്തും. അഞ്ച് കുടുംബങ്ങള്‍ക്കും 20,000 രൂപ വീതം ഈ വര്‍ഷം ഉപജീവനത്തിനും നല്‍കും. പുതിയ വീട്ടില്‍ കിടക്കയും കട്ടിലും ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങളും മേസ്ത്രിയും കുടുംബവും ഒരുക്കും. തിരുവോണത്തിന് വീടുകളില്‍ താമസമാക്കാനാണ് തീരുമാനം.

Exit mobile version