കെസി വേണുഗോപാല്‍ ഇടപെട്ടു; നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കോടെ വിജയം നേടിയ ആലപ്പുഴക്കാരിക്ക് വീടെന്ന സ്വപ്‌നം പൂവണിയുന്നു

മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആദിത്യലക്ഷ്മിയുടെ ജീവിത സാഹചര്യത്തെക്കുറിച്ച് പത്രവാര്‍ത്തയില്‍ നിന്നാണ് കെസി വേണുഗോപാല്‍ അറിയുന്നത്.

ആലപ്പുഴ: കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലില്‍ ആലപ്പുഴക്കാരിക്ക് വീടെന്ന സ്വപ്‌നം പൂവണിയുന്നു. നീറ്റ് പരീക്ഷയില്‍ റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ആദിത്യലക്ഷ്മിക്കാണ് എംപിയുടെ ഇടപെടലില്‍ വീട് യാഥാര്‍ത്ഥ്യമാകുന്നത്.

മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആദിത്യലക്ഷ്മിയുടെ ജീവിത സാഹചര്യത്തെക്കുറിച്ച് പത്രവാര്‍ത്തയില്‍ നിന്നാണ് കെസി വേണുഗോപാല്‍ അറിയുന്നത്. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആദിത്യലക്ഷ്മിയുടെ പിതാവ് ഓമനക്കുട്ടന് ജോലിക്ക് പോകാന്‍ കഴിയില്ലെന്നും അടുത്തുള്ള ചെമ്മീന്‍ പീലിങ് ഷെഡ്ഡില്‍ ജോലിക്ക് പോകുന്ന അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെ ആശ്രയമെന്നും അദ്ദേഹം മനസ്സിലാക്കി.

തുടര്‍ന്ന് വേണുഗോപാല്‍ മുന്‍കൈയെടുത്ത് തന്റെ സുഹൃത്തുക്കളില്‍ ചിലരോട് ഈ ആവശ്യം മുന്നോട്ടുവെക്കുകയും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച സുഹൃത്തുക്കള്‍ ആദിത്യലക്ഷ്മിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. അതിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ ആദ്യഗഡു കഴിഞ്ഞ ദിവസം കൈമാറി.

ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ ഇടപെടലാണ് ആദിത്യലക്ഷ്മിക്ക് തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കിയത്. എന്നാല്‍ അപ്പോഴും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടില്ലെന്ന നോവ് ആദിത്യലക്ഷ്മിയെ അലട്ടിയിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

Exit mobile version