അമേരിക്കയില്‍ ട്രംപിന്റെ പതനം? ഇടക്കാല തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റ് ചൊണാള്‍ഡ് ട്രംപിന്റെ പതനം പ്രവചിച്ച് വോട്ടെടുപ്പു എക്സിറ്റ് പോളുകള്‍. ട്രംപിന്റെ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരെഞ്ഞെടുപ്പാണ് ഇത്.

ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ തെരെഞ്ഞെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സെനറ്റില്‍ ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ ക്യാമ്പ്.

അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നത് ഡമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.

Exit mobile version