മരിച്ച് മരവിച്ചു; സ്വന്തം കുഞ്ഞിനെ ‘വിട്ടുകൊടുക്കാതെ’ മാറോട് ചേര്‍ത്ത് അമ്മ കുരങ്ങ്; സമൂഹമാധ്യമങ്ങളുടെ നെഞ്ചകം തകര്‍ത്ത് ദൃശ്യങ്ങള്‍

രണ്ടു ദിവസം മുമ്പാണ് മൃഗശാലയില്‍ വളര്‍ത്തിയിരുന്ന ഒരു പെണ്‍കുരങ്ങ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

ബീജിങ്: ചൈനയിലെ ഒരു മൃഗശാലയില്‍ നിന്നും മാതൃസ്‌നേഹത്തിന്റെ കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് മൃഗശാലയില്‍ വളര്‍ത്തിയിരുന്ന ഒരു പെണ്‍കുരങ്ങ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ജനിച്ച് രണ്ടുനാള്‍ കഴിഞ്ഞപ്പോഴേക്കും ആ കുഞ്ഞ് ജീവന്‍വെടിഞ്ഞു.

എന്നാല്‍ ജീവനറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിനടുത്തു നിന്നും ഒരിഞ്ചു പോലും മാറാന്‍ കൂട്ടാക്കാതെ, അതിനെ എടുത്തു താലോലിച്ചു കൊണ്ടിരിക്കുകയാണ് അമ്മ കുരങ്ങ്. ആ കാഴ്ച നമ്മളെ ഏവരെയും കണ്ണീരണിയിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ആ ദൃശ്യങ്ങള്‍ ഏറെപ്പേരെ കരയിച്ചു.

തന്റെ ചോരക്കുഞ്ഞ് ചത്തു പോയതറിയാതെ ഇടയ്ക്കിടെ അതിനെ നക്കിത്തോര്‍ത്തുകയാണ് അമ്മ കുരങ്ങ്. ഏറെ നേരം കുലുക്കി വിളിച്ചിട്ടും അതുകേട്ടുണരാത്ത കുഞ്ഞിന്റെ കവിളത്ത് പിച്ചി എണീപ്പിക്കാന്‍ നോക്കുന്നു. മറ്റൊരു ദൃശ്യത്തില്‍ തന്റെ കുഞ്ഞിനെ തറയില്‍ കിടത്തിയശേഷം ഒരല്പം ദൂരെ മാറി നിന്ന് അതിനെത്തന്നെ തുറിച്ചു നോക്കുന്ന ആ പെണ്‍കുരങ്ങിനെക്കാണാം.

മൂന്ന് വയസ്സ് പ്രായമുള്ള ആ പെണ്‍കുരങ്ങ് ആദ്യമായിട്ടാണ് അമ്മയാവുന്നത്. മെയ് 4-നായിരുന്നു പ്രസവം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ കുഞ്ഞിന് തീര്‍ത്തും ആരോഗ്യമില്ലായിരുന്നു. മൃഗശാലയിലെ ഡോക്ടര്‍മാര്‍ അതിനെ പരിചരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കുഞ്ഞിനേയും തന്റെ മാറോടടുക്കിപ്പിടിച്ച് മരക്കൊമ്പില്‍ കേറി ഒളിച്ചുകളഞ്ഞു ആ പെണ്‍കുരങ്ങ്.

അസുഖം മൂര്‍ച്ഛിച്ച് രണ്ടാം നാള്‍ ആ കുഞ്ഞുകുരങ്ങിന്റെ ജീവന്‍വെടിഞ്ഞു. അന്നുമുതല്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ കൈയിലെടുത്തു നടക്കുകയാണ് തള്ളക്കുരങ്ങ്. ഈ കാഴ്ച വളരെ വേദനിപ്പിക്കുന്ന ഒന്നാണ്.

Exit mobile version