വണ്ടിയിടിച്ച് കുട്ടിക്കുരങ്ങന്‍ മരിച്ചു; ചെവിയോര്‍ത്ത് കുഞ്ഞിന് ജീവനുണ്ടോയെന്ന് തൊട്ട് നോക്കി അച്ഛനും അമ്മയും, മകന് കാവലിരുന്നത് മണിക്കൂറുകള്‍

ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് ജീവനുണ്ടോയെന്ന് നോക്കും. തൊട്ട് നോക്കും.

കാസര്‍കോട്: ഒരു വാനരകുടുംബത്തിന്റെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും മനസിനെ ഉലയ്ക്കുന്നത്. വണ്ടിയിടിച്ച് മരിച്ച കുട്ടിക്കുരങ്ങന് കാവലിരിക്കുന്ന അച്ഛനും അമ്മയും. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിന് സമീപത്തെ ഇടയിലക്കാട് റോഡില്‍ വച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുകുരങ്ങന് ജീവന്‍ നഷ്ടമായത്.

അമ്മയും അച്ഛനും ചേര്‍ന്ന് മകന് ജീവനുണ്ടോയെന്ന് പരിശോധിക്കുന്ന കാഴ്ച ഏവരുടെയും കളരലിയിക്കും. ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് ജീവനുണ്ടോയെന്ന് നോക്കും. തൊട്ട് നോക്കും. പിന്നെയും മാറിയിരിക്കും.

also read; മലപ്പുറത്ത് അഞ്ചാംപനി വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ എത്തും, രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

കുറച്ച് കഴിഞ്ഞ് വീണ്ടും എന്തോ ഓര്‍ത്തപോലെ കുഞ്ഞിനടുത്തേക്ക് വരും. വീണ്ടും ചെവിയോര്‍ക്കും. തോട്ട് നോക്കും. പ്രതികരണമില്ലാതാകുമ്പോള്‍ കുറച്ച് മാറിയിരിക്കും. വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കും.

ഇടയിലക്കാട് റോഡ് വഴി പോയവരെല്ലാം ഇന്നലെ ഈ കാഴ്ച കണ്ട് കണ്ണ്‌നിറഞ്ഞു. കാവിന് സമീപത്തെ റോഡില്‍ കൂടി പോയ ഏതോ വാഹനമിടിച്ചാണ് കുഞ്ഞിക്കുരങ്ങ് മരിച്ചത്. നാട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാനായി എത്തിയെങ്കിലും ഇരുവരും മൃതദേഹത്തിന് സമീപത്ത് നിന്ന് മാറാന്‍ തയ്യാറായില്ല.

അവര്‍ കുഞ്ഞിനടുത്തേക്ക് വന്നവര്‍ക്ക് നേരെ ചീറിയടുത്തു. ചിലരെ അക്രമിക്കാനായി പാഞ്ഞടുത്തു. കുഞ്ഞിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ഇരുവരും മാറാതെ ഇരിക്കുകയായിരുന്നു.

വാനരന്‍മാരുടെ അപകടമരണം കൂടുതലാണ് ഈ പ്രദേശത്ത്. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വാനരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വാഹന ഓട്ടം പാടില്ലെന്നാണ് കര്‍ശന താക്കീത് നല്‍കി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സ്‌നേഹികളുടെ നിരീക്ഷണവും ഇനി ഈ പ്രദേശത്തുണ്ടാകും

Exit mobile version