ഫോനി ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ മരണസംഖ്യ 12 ആയി, കാറ്റ് വൈകീട്ട് നാലുമണിവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്

രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണു വെള്ളിയാഴ്ച 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്

ധാക്ക: ഒഡീഷ തീരം വിട്ട് ബംഗ്ലാദേശില്‍ എത്തിയിരിക്കുകയാണ് ഫോനി ചുഴലിക്കാറ്റ്. ഇതുവരെ 12 പേരാണ് ബംഗ്ലാദേശില്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടി കൂടി ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇന്ന് വൈകിട്ട് നാല് മണിവരെ ഫോനിയുടെ സാന്നിധ്യം ബംഗ്ലാദേശില്‍ ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ഷംസുദ്ദീന്‍ അഹമ്മദ് അറിയിച്ചു. ഇന്നു രാവിലെയാണ് ധാക്കയുടെ കിഴക്കുഭാഗത്ത് ഫോനി വീശിയടിച്ചത്.

അതേസമയം ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി ബംഗാളിലും തുടര്‍ന്ന് ബംഗ്ലാദേശിലും വീശുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയതിനാല്‍ ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങളെ സുരക്ഷിതമേഖലകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഐക്യരാഷ്ട്രസഭ സ്വീകരിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണു വെള്ളിയാഴ്ച 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ധാക്കയില്‍ വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഫോനി.

ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റില്‍ 10 പേരാണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.

Exit mobile version