ഫോനിയെ കുറിച്ച് കൃത്യസമയത്തുള്ള ജാഗ്രതാ നിര്‍ദേശം; കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ

ഏകദേശം കൃത്യമായ ജാഗ്രതാ നിര്‍ദേശമായിരുന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റേതെന്നും ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അധികൃതരെ സഹായിച്ചുവെന്നും ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി ചൂണ്ടിക്കാട്ടി

ജനീവ: ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ കുറിച്ച് കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി. ഏകദേശം കൃത്യമായ ജാഗ്രതാ നിര്‍ദേശമായിരുന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റേതെന്നും ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അധികൃതരെ സഹായിച്ചുവെന്നും ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി ചൂണ്ടിക്കാട്ടി.

പ്രദേശത്ത് ഫോനി ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനും കൂടുതല്‍ ആളപായം ഉണ്ടാവാതിരിക്കാന്‍ സഹായിച്ചത് ഈ ജാഗ്രതാ നിര്‍ദേശമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആയിരുന്നു ഫോനി. ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഫോനിയുടെ ഗതി വളരെ സൂക്ഷ്മതയോടെയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി നിരീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണിത്. ഫോനി ഒഡീഷ തീരത്തു നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Exit mobile version