പിഴച്ച കണക്കുകൂട്ടലുകളും മുന്നറിയിപ്പ് അവഗണിച്ച ജനങ്ങളും; 20 വര്‍ഷം മുമ്പ് ഫോനിയുടെ മുന്‍ഗാമി സൂപ്പര്‍ സൈക്ലോണ്‍ ഒഡീഷയില്‍ നിന്ന് കവര്‍ന്നത് 10,000 മനുഷ്യജീവനുകള്‍

ഉദ്യോഗസ്ഥരുടെ പിഴച്ച കണക്കുകൂട്ടലുകളും മുന്നറിയിപ്പ് അവഗണിച്ച ജനങ്ങളും! 20 വര്‍ഷം മുമ്പ് ഫോനിയുടെ മുന്‍ഗാമി സൂപ്പര്‍ സൈക്ലോണ്‍ ഒഡീഷയില്‍ നിന്ന് കവര്‍ന്നത് 10,000 മനുഷ്യജീവനുകള്‍; 2 ലക്ഷം മിണ്ടാപ്രാണികളേയും

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ നാശം വിതച്ച് കവര്‍ന്നെടുത്തത് 10 ജീവനുകള്‍. രാജ്യത്തിന്റെ കിഴക്കേ അതിരിലെ സംസ്ഥാനങ്ങളെ വിറപ്പിച്ചാണ് ഫോനി കടന്നു പോയികൊണ്ടിരിക്കുന്നത്. ഒഡീഷയില്‍ മാത്രമാണ് രാജ്യത്ത് ആളപായമുണ്ടായത്. കാറ്റിന്റെ ഗതി കൃത്യമായി വിലയിരുത്തിയും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചും മുന്നൊരുക്കങ്ങള്‍ നടത്തിയതാണ് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശിയടിച്ച ഫോനിയില്‍ നിന്നും 12 ലക്ഷത്തോളം ജനങ്ങളെ രക്ഷിച്ചത്. ആളപായം കുറയ്ക്കാന്‍ സഹായകരമായത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൃത്യമായ വിലയിരുത്തലുകളായിരുന്നു. ഇതിന് യുഎന്‍ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ 20 വര്‍ഷം മുമ്പ് ഫോനിയുടെ മുന്‍ഗാമി സൂപ്പര്‍ സൈക്ലോണ്‍ ഒഡീഷയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേയും സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃത്തങ്ങളുടേയും പിഴച്ച കണക്കുകൂട്ടലുകള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത് 10,000ത്തോളം പേര്‍ക്കായിരുന്നു.

കൃത്യമായി പറഞ്ഞാല്‍ 1999 ഒക്ടോബര്‍ 29ന് ഒരു ദിവസം മുഴുവന്‍ ഒഡീഷ എന്ന അന്നത്തെ ഒറീസ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയായിരുന്നു സൂപ്പര്‍ സൈക്ലോണ്‍. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രങ്ങളില്‍ നിന്നു അന്നും ലഭിച്ചിരുന്നു. എന്നാല്‍, ഏത് ദിശയില്‍? എത്രസമയം? കാറ്റിന്റെ വേഗത? തീവ്രത? തുടങ്ങിയ വശങ്ങളെ സംബന്ധിച്ച മുഴുവന്‍ മുന്‍ധാരണകളിലും കണക്കുകൂട്ടലുകളിലും പിഴവ് സംഭവിച്ചു. അതുവരെ രാജ്യം തന്നെ ഒരു ചുഴലിക്കാറ്റിന്റെ രൗദ്രഭാവം അത്രയ്ക്ക് കണ്ടിരുന്നില്ല.

260 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച സൂപ്പര്‍ സൈക്ലോണിന്റെ ക്രൂരതയില്‍ രണ്ടു ദിവസം മുഴുവന്‍ പുറംലോകവുമായുള്ള എല്ലാ ബന്ധവും ഒഡീഷയ്ക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ വിനിമയ സാങ്കേതിക വിദ്യകള്‍ തകര്‍ക്കപ്പെട്ടു. വൈദ്യുതിയും ടെലഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങിന്റെ വീട്ടിലെ ടെലഫോണ്‍ മാത്രമായിരുന്നു പുറംലോകവുമായും രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമായും ഒഡീഷയ്ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. രാത്രിയോടെ ആ രണ്ട് ഫോണുകളും പ്രവര്‍ത്തനം നിലച്ചതോടെ രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയവും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനവും വിച്ഛേദിക്കപ്പെട്ടു. ഒറ്റപ്പെട്ടുപോയ ഒഡീഷയില്‍ സൂപ്പര്‍ സൈക്ലോണ്‍ കനത്ത പേമാരിയും വിതച്ചു. 10,000 പേരുടെ ജീവന്‍ നഷ്ടമായി. 2 ലക്ഷം വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. നിരവധി ഗ്രാമങ്ങളാണ് അപ്രത്യക്ഷമായത്. 3.5 ലക്ഷം വീടുകള്‍ തകര്‍ക്കപ്പെട്ടു. 25 ലക്ഷം ജനങ്ങളെ ഒന്നുമില്ലാത്തവരും പരിക്കേറ്റവരുമാക്കി.

നഗരങ്ങള്‍ തകര്‍ന്നടിഞ്ഞു. അവയ്ക്ക് കീഴില്‍ ആയിരക്കണക്കിന് ജനങ്ങളും പിടഞ്ഞു മരിച്ചു. സൂപ്പര്‍ സൈക്ലോണിന്റെ സംഹാരത്തിനു ശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കല്ലറകളില്‍ മൂടിയത്.

പൊതുവെ എട്ടുമണിക്കൂറിനുള്ളില്‍, വീശിയടിക്കുന്ന സ്ഥലത്തുനിന്നും, ദിശ മാറി പോവുകയാണ് ചുഴലിക്കാറ്റുകളുടെ ശൈലി. എന്നാല്‍, സൂപ്പര്‍ സൈക്ലോണ്‍ ഒരു ദിവസം മുഴുവന്‍ ഒഡീഷയില്‍ നിന്നു വീശി. കട്ടക്ക്, ഭുവനേശ്വര്‍ തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് സൂപ്പര്‍ സൈക്ലോണ്‍ കൂടുതലും ബാധിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടല്‍ പ്രകാരം ഈ രണ്ട് നഗരത്തിലേക്ക് സൂപ്പര്‍ സൈക്ലോണ്‍ എത്തില്ലെന്നായിരുന്നു. ഇതും ദുരന്തത്തിന്റെ തീവ്രത പതിന്മടങ്ങ് കൂട്ടി.

ഈ തെറ്റായ കണക്കുകൂട്ടല്‍ മുതല്‍ പിഴച്ച ഒരോ കാര്യങ്ങളേയും തുടര്‍ന്നാണ് ഒഡീഷയെ ഒന്നടങ്കം ചുഴറ്റിയെറിയാന്‍ സൂപ്പര്‍ സൈക്ലോണിന് സാധിച്ചത്. കാറ്റിന്റെ ദിശ കൃത്യമായി കണക്കാക്കുന്നതില്‍ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സാങ്കേതിക വിദ്യകള്‍ക്കും പിഴവ് പറ്റി. അന്ന് രക്ഷാപ്രവര്‍ത്തകര്‍ കാറ്റ് വീശുന്നതിന് മുന്നോടിയായി ഒരുക്കിയിരുന്നത് വെറും 21 ദുരിതാശ്വാസ ക്യാംപുകള്‍ മാത്രമായിരുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയെ തന്നെ തച്ചുടയ്ക്കാന്‍ പര്യാപ്തമായിരുന്നു സൂപ്പര്‍ സൈക്ലോണ്‍. സൂപ്പര്‍ സൈക്ലോണ്‍ വീശിയടിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് മുറപോലെ നല്‍കിയിരുന്നു. എന്നാല്‍ ചുഴലിക്കാറ്റിന്റെ സംഹാരത്തെ കുറിച്ച് അറിവില്ലാതിരുന്ന ജനങ്ങള്‍ തങ്ങളുടെ ഇടങ്ങളില്‍ നിന്നും മാറി താമസിക്കാനും സ്വന്തം സമ്പത്തും വീടും ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് ചേക്കാറാനും മടിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച ജനങ്ങളെ സൂപ്പര്‍ സൈക്ലോണ്‍ കൂട്ടത്തോടെ നാശത്തിലേക്ക് വലിച്ചിഴച്ചു.

സൂപ്പര്‍ സൈക്ലോണിന്റെ കടന്നാക്രമണം ജനങ്ങളുടെ മാനസികനിലയെ പോലും സാരമായി ബാധിച്ചു. കൂട്ടത്തോടെ അനാഥരാക്കപ്പെട്ട, സകലതും നഷ്ടപ്പെട്ട ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവുകളില്‍ ഏറ്റുമുട്ടി. പലപ്പോഴും കലാപങ്ങള്‍ പോലും സൃഷ്ടിക്കപ്പെട്ടു. ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടരം പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചുഴലിക്കാറ്റിന്റെ സംഹാരമേല്‍ക്കാത്ത പ്രദേശത്തു നിന്നും രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും ഒടുവില്‍ ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ നിന്നും ഒഡീഷയിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തി.

ജീവിതത്തിലുണ്ടാകുന്ന വലിയ തിരിച്ചടികള്‍ മനുഷ്യന്റെ വ്യക്തിത്വത്തെ തന്നെ അപ്പാടെ മാറ്റിമറിക്കാറുണ്ട്. അതായിരുന്നു ഒഡീഷയ്ക്ക് സൂപ്പര്‍ സൈക്ലോണ്‍. ജനങ്ങളുടെ മനഃസ്ഥിതിയെ തന്നെ ഈ ചുഴലിക്കാറ്റ് മാറ്റിയെടുത്തു. യുദ്ധകാലടിസ്ഥാനത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നിര്‍മ്മാണങ്ങള്‍ നടന്നു. അന്നുണ്ടായിരുന്ന 21 കേന്ദ്രങ്ങള്‍ ഇന്ന് ഫോനി വീശിയടിക്കുന്ന സമയത്ത് 900മായി ഉയര്‍ന്നു. ഇത്തവണ ഫോനി വീശുമ്പോള്‍ 15 ജില്ലകളില്‍ നിന്നായി പതിനൊന്നര ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്.

കൂടാതെ സൂപ്പര്‍ സൈക്ലോണിന് പിന്നാലെ, സംസ്ഥാനത്ത് ഒഡീഷ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കപ്പെട്ടു. അത്തരത്തില്‍ ഒന്ന് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു. അന്നത്തെ എല്ലാ തിരിച്ചടികളില്‍ നിന്നും നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഒഡീഷ ഇത്തവണ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കഴിയുന്നത്ര മികച്ച പ്രതിരോധ സംവിധാനമാണ് ഒരുക്കിയത്. നേരത്തെ 2013ല്‍ ഫൈയിലിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഒഡീഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനേയും യുഎന്‍ അഭിനന്ദിച്ചിരുന്നു.

Exit mobile version