കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തും, പ്രായമായവരെ ചേര്‍ത്ത് പിടിച്ചും രക്ഷകരായി ഒഡീഷ പോലീസ്; ഫോനിയെ നേരിടാന്‍ സജ്ജരായ ഉദ്യോഗസ്ഥര്‍ക്ക് നിറകൈയ്യടി

15 ജില്ലകളില്‍ നിന്നായി ഏകദേശം പതിനൊന്നര ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്.

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ നഗരത്തെ നാമാവശേഷമാക്കിയ ശേഷമാണ് ബംഗ്ലാദേശിലേയ്ക്ക് മാറിയത്. ഒഡീഷയില്‍ മണിക്കൂറില്‍ 245 കി.മീ വേഗതയില്‍ വീശിയടിച്ച ഫോനിയില്‍ മരണമടഞ്ഞത് 16ഓളം പേരാണ്. ഫോനിയില്‍ നിന്നും അതിജീവിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടന്നിരുന്നു. അതില്‍ ഇന്ന് തിളങ്ങുന്നത് ഒഡീഷയിലെ പോലീസ് ഉദ്യോഗസ്ഥരാണ്.

15 ജില്ലകളില്‍ നിന്നായി ഏകദേശം പതിനൊന്നര ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. ആയതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നാണ് കരകയറിയത്. ആളുകളെ ഒഴിപ്പിക്കാന്‍ കൈകൂപ്പി നില്‍ക്കുന്ന പോലീസ് ഉദ്യോസ്ഥരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളും നന്മകളും മറ്റും വീണ്ടും എത്തുന്നത്. മാറ്റിപാര്‍പ്പിക്കുന്ന വീടുകളിലെ കുട്ടികളെ മാറോട് ചേര്‍ത്തും പ്രായമായവരെ ചേര്‍ത്തണച്ചും മരണത്തില്‍ നിന്ന് കരകയറ്റുകയാണ് ഈ ഉദ്യോഗസ്ഥര്‍.

വന്‍ മരങ്ങളും മറ്റും വീശിയടിച്ച കാറ്റില്‍ കടപുഴകി വീണിരുന്നു. വീടുകളും മറ്റും തകര്‍ന്നടിഞ്ഞു. ഇതില്‍ നിന്നെല്ലാം കരകയറാനുള്ള ശ്രമങ്ങള്‍ ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു. റോഡിലേയ്ക്ക് വീണ മരങ്ങള്‍ വെട്ടാനും ക്ലിയര്‍ ചെയ്യാനും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പലരും അറിയിച്ചു.

Exit mobile version