കൊളംബോ സ്‌ഫോടന പരമ്പര: ജീവന്‍ പൊലിഞ്ഞവരില്‍ ഒരു മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യക്കാരും; 207 മരണം; 13പേര്‍ കസ്റ്റഡിയില്‍

ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പിഎസ് റസീനയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ന്യൂഡല്‍ഹി: ശ്രീലങ്കയെ നടുക്കി തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 207 മരണം. മൂന്ന് ഇന്ത്യക്കാരും സ്‌ഫോടനത്തില്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പിഎസ് റസീനയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പടെ 207 പേര്‍ കൊല്ലപ്പെട്ടു. 450ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കന്‍ നഗരത്തെ വിറപ്പിച്ചാണ് ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി സ്‌ഫോടന പരമ്പരയുണ്ടായത്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 13 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.

കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പിഎസ് റസീന (61) ആണ് കൊല്ലപ്പെട്ട മലയാളി. ദുബായിയില്‍ സ്ഥിര താമസമാക്കിയ പിഎസ് റസീന ബന്ധുക്കളെ കാണാനായാണ് ശ്രീലങ്കയിലെത്തിയത്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രീലങ്കന്‍ പ്രസിഡന്റിനെ അനുശോചനം അറിയിച്ചു.

Exit mobile version