കൊളംബോയില്‍ വീണ്ടും സ്ഫോടനം; രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു; മരണ സംഖ്യ 158 ആയി

തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി.

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി.

കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഇപ്പോള്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം മൃഗശാല അടച്ചിട്ടു. എട്ടാമത്തെ സ്‌ഫോടനം പാര്‍പ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് പ്രാദേശിക സമയം 8.45 ഓടെ സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനങ്ങളില്‍ 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌ഫോടന സമയത്ത് പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.

Exit mobile version