മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; സൗദിയില്‍ രണ്ട് ഇന്ത്യാക്കാരുടെ തലവെട്ടി

ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 28നാണ് ലുധിയാന സ്വദേശിയായ ഹര്‍ജീത് സിംഗ് ഹൊഷ്‌യാപൂര്‍ സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാിലാക്കിയത്.

റിയാദ്: മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഇന്ത്യാക്കാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 28നാണ് ലുധിയാന സ്വദേശിയായ ഹര്‍ജീത് സിംഗ് ഹൊഷ്‌യാപൂര്‍ സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാിലാക്കിയത്.

2015 ഡിസംബര്‍ 9ന് അറസ്റ്റിലായ ഇവരുടെ വധശിക്ഷ നടപ്പാക്കിയത് റിയാദിലെ ഇന്ത്യന്‍ എംബസിയെപ്പോലും അറിയിക്കാതെയാണ്. കഴിഞ്ഞ ദിവസം ഇരുവരെയും സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയപ്പോഴാണ് ഇവരുടെ തലവെട്ടിയെന്ന വിവരം അറിയുന്നത്. ശിക്ഷ നടപ്പാക്കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ നിയമങ്ങള്‍ കാരണം ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതക കുറ്റം തെളിയുന്നത്. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തിരുന്നു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Exit mobile version