റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്രസവ വേദന; സഹായത്തിനായി ഓടിയെത്തിയ പോലീസ് ‘നഴ്‌സുമാരായി’; സ്‌നേഹത്തോടെ കുഞ്ഞിനെ പരിചരിച്ച പോലീസിന് ബിഗ് സല്യൂട്ടുമായി സോഷ്യല്‍മീഡിയ

കാലിഫോര്‍ണിയ: മക്‌ഡൊണാള്‍ഡ്‌സ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പ്രസവ വേദനയെടുത്ത യുവതിക്ക് സഹായവുമായി ഓടിയെത്തി കൃത്യമായ ഇടപെടലുകൊണ്ട് രണ്ട് ജീവനുകള്‍ രക്ഷിച്ച പോലീസിന് അഭിനന്ദന പ്രവാഹം.

കഴിഞ്ഞദിവസം കാലിഫോര്‍ണിയയിലെ മദേരയിലെ റസ്‌റ്റോറന്റില്‍ തനിച്ച് ഭക്ഷണം കഴിക്കാനെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവ വേദന തുടങ്ങുകയായിരുന്നു. അപരിചിതമായ ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് അറിയാതെ റസ്‌റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നവരും പകച്ചു നില്‍ക്കുന്നതിനിടെ ആരോ പോലീസിനെ വിളിച്ച് സംഭവം ധരിപ്പിച്ചു.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് ഉടനെ തന്നെ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘത്തോടൊപ്പം പാഞ്ഞെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അപ്പോള്‍ യുവതി. ഇതോടെ പോലീസും പാരാമെഡിക്കല്‍ സംഘവും റസ്റ്റോറന്റിനുള്ളില്‍ വെച്ച് പ്രസവമെടുക്കുകയായിരുന്നു.

ആരോഗ്യവാനായ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. പ്രസവത്തിനു ശേഷം ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെ, തക്കതായ ഇടപെടല്‍ നടത്തിയ പോലീസ് ഓഫീസര്‍മാരെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ മദേര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റ് ചെയ്ത കുറിപ്പാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന ചിത്രം സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്. ഒട്ടേറെ ലവ് റിയാക്ഷനുകളുമായാണ് ഈ ചിത്രത്തെ സോഷ്യല്‍ലോകം വരവേറ്റിരിക്കുന്നത്. റസ്‌റ്റോറന്റ് ജീവനക്കാരും പോലീസും ചെയ്തത് മഹത്തായ പ്രവര്‍ത്തിയാണെന്നും ഇവര്‍ പ്രകീര്‍ത്തിക്കുന്നു.

Exit mobile version