ഭീകരവാദത്തിന് മതമില്ല; മുസ്ലിം പള്ളിയിലെ വെടിവെയ്പ്പിനെ അപലപിച്ച് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിനെ അപലപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഭീകരവാദത്തിന് മതമില്ലെന്നും വെടിവെയ്പ്പില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയ സമയത്തായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ഈ സമയത്ത് പള്ളിയുടെ സമീപത്തെ മൈതാനത്ത് ഉണ്ടായിരുന്നു. വെടിവെയ്പ്പില്‍ താരങ്ങള്‍ അക്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

വെടിവെയ്പ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നൂറിലേറെ തവണ അക്രമികള്‍ വെടിയുതിര്‍ത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

പള്ളിയിലെത്തിയ നിരവധി വിശ്വാസികള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി നേരത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വ്യക്തമാക്കിയിരുന്നു.

Exit mobile version