അടിപതറി ഇസ്ലാമിക് സ്‌റ്റേറ്റ്; 3,000 ഐഎസ് തീവ്രവാദികള്‍ സിറിയയില്‍ ആയുധം വെച്ച് കീഴടങ്ങി; അവസാന ശക്തി കേന്ദ്രവും തകര്‍ച്ചയില്‍

ഡമാസ്‌കസ്: സിറിയയിലെ അവസാന ശക്തി കേന്ദ്രവും തകര്‍ന്നതോടെ അടിപതറി ഐഎസ് തീവ്രവാദികള്‍. 3,000ത്തോളം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ യുഎസ്- കുര്‍ദ്ദിഷ് സഖ്യസേനയ്ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്.

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്(എസ്ഡിഎഫ്) ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ നടത്തിയ കടുത്ത ഷെല്ലാക്രമണത്തിന് പിന്നാലെയാണ് രക്ഷയില്ലാതെ തീവ്രവാദികള്‍ ആയുധം താഴെ വെച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് 3,000ത്തോളം തീവ്രവാദികള്‍ കീഴടങ്ങാന്‍ തയ്യാറായതെന്ന് എസ്ഡിഎഫ് വക്താവ് മുസ്തഫ ബലി പറഞ്ഞു. മൂന്ന് യസീദി വനിതകളേയും നാല് കുട്ടികളേയും സൈന്യം രക്ഷിച്ചതായും ബലി അറിയിച്ചു.

ഐഎസ് ഭരണത്തിന് കീഴിലുള്ള സിറിയയിലെ ബാഗൗസ് പട്ടണത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ച വരെ കനത്ത ഷെല്ലാക്രമണമാണ് സഖ്യസേന നടത്തിയത്. ഈ ആക്രമണത്തില്‍ ഐഎസിന്റെ രണ്ട് ആയുധ ഡിപ്പോകള്‍ തകര്‍ക്കുകയും 38 തീവ്രവാദികളെ വധിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version