വ്യോമാക്രമണം: 200ഓളം ഭീകരരുടെ മൃതശരീരങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ആദിവാസി മേഖലയിലേക്ക് മാറ്റി; തെളിവുകളുമായി പാകിസ്താന്‍ ആക്ടിവിസ്റ്റ്

പാകിസ്താന്‍ സൈന്യം ബലാക്കോട്ട് നടന്ന സംഭവത്തില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതശരീരങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ഖൈബര്‍ പക്തുന്‍ഖ്വയിലെ ആദിവാസി മേഖലകളിലേക്ക് പാകിസ്താന്‍ മാറ്റിയെന്ന് ഗില്‍ഗിതില്‍ നിന്നുള്ള ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. പാകിസ്താനിലെ ഉറുദു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തെന്നും ഇന്ത്യയുടെ ആക്രമണത്തില്‍ 200ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

യുഎസില്‍ താമസമാക്കിയ പാക് ഗില്‍ഗിത് സ്വദേശിയായ സെന്‍ജ് ഹസ്‌നാന്‍ സെരിങ് എന്ന ആക്ടിവിസ്റ്റാണ് പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷമണിഞ്ഞ് പ്രദേശവാസികളോട് സംസാരിക്കുന്ന വ്യക്തിയുടെ വീഡിയോ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

പാകിസ്താന് വേണ്ടി ‘എതിരാളികളോട് പോരാടി’ മരിച്ച ഇവരെ മുജാഹിദ് എന്നാണ് സൈന്യം സംബോധന ചെയ്യുന്നതെന്നും സെരിങ് പുറത്തുവിട്ട വീഡിയോയില്‍ ദൃശ്യമാണ്. കൊല്ലപ്പെട്ട തീവ്രവാദികളുടെ കൂടെ ദൈവമുണ്ടാകുകമെന്നും പാകിസ്താന് വേണ്ടി പോരാടിയ ഇവരുടെ കുടുംബത്തിന് സഹായവും പിന്തുണയും നല്‍കുമെന്നും സൈനികോദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

”ഈ വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് എനിക്ക് ഉറപ്പു നല്‍കാനാവില്ല. എന്നാല്‍ പാകിസ്താന്‍ സൈന്യം ബലാക്കോട്ട് നടന്ന സംഭവത്തില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളേയും പ്രാദേശിക മാധ്യമങ്ങളേയും പാകിസ്താന്‍ ആക്രമണം നടന്നെന്ന് കരുതപ്പെടുന്ന സ്ഥലത്തേക്ക് കടത്തിവിടുന്നില്ല’- സെരിങ് എഎന്‍ഐയോട് വെളിപ്പെടുത്തുന്നു.

പാകിസ്താന്‍ അവകാശപ്പെടുന്നത്, കുറച്ച് കൃഷിസ്ഥലങ്ങളും കാടുകളും മാത്രമാണ് അപകടത്തില്‍ നശിച്ചതെന്നാണ്. അങ്ങനെയെങ്കില്‍ മാധ്യമങ്ങളെ പോലും വിലക്കി ഈ പ്രദേശത്തെ മൂടിവെയ്ക്കാന്‍ എന്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും സെരിങ് ചോദിക്കുന്നു.

ജയ്‌ഷെ മുഹമ്മദ് തന്നെ ഈ പ്രദേശത്ത് അവരുടെ മദ്രസ പ്രവര്‍ത്തിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം പ്രാദേശിക ഉറുദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യന്‍ വ്യോമാക്രമണത്തിന് അടുത്ത ദിവസങ്ങളിലായി ഭീകരരുടെ മൃതദേഹങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ഖൈബര്‍ പക്തുന്‍ഖ്വയിലെ ആദിവാസി മേഖലയിലേക്ക് മാറ്റിയിരുന്നു എന്നാണ്. ഇന്ത്യയുടെ വ്യോമാക്രമണം വിജയകരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും ഇങ്ങനെ അല്ലായിരുന്നെങ്കില്‍ പാകിസ്താന്‍ മാധ്യമങ്ങളെ പ്രദേശത്തേക്ക് പ്രവേശിപ്പിച്ചേനെയെന്നും സെരിങ് പറയുന്നു.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായാണ് കൃത്യം 12 ദിവസത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബലാക്കോട്ടില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത്. വലിയൊരു ശതമാനം ഭീകരവാദികളെ നശിപ്പിക്കാന്‍ ഫെബ്രുവരി 26ന് നടന്ന ഈ വ്യോമാക്രമണത്തില്‍ സാധിച്ചെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അവകാശപ്പെട്ടത്.

എന്നാല്‍, പാകിസ്താന്‍ ഇന്ത്യയുടെ ആക്രമണം നടന്നെന്ന വാദത്തെ തള്ളുകയാണ് ചെയ്തത്.

Exit mobile version