ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന ജയ്‌ഷെ മദ്രസുകള്‍ അവിടെ തന്നെയുണ്ട്; സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമെന്ന് റോയിറ്റേഴ്‌സിന്റെ അവകാശവാദം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ പാകിസ്താന്‍ ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ മദ്രസ തകര്‍ത്തെന്ന വാദം തെറ്റെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ബലാകോട്ടിലെ ആ മദ്രസകള്‍ അവിടെ തന്നെയുണ്ടെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമെന്ന് റോയിറ്റേഴ്‌സ് പറയുന്നു.

ജയ്‌ഷെയുടെ പരിശീലന ക്യാമ്പും അവിടെ തന്നെയുണ്ടെന്നും ഇവയൊന്നും തകര്‍ക്കാന്‍ ശ്രമിച്ചതായുള്ള തെളിവുകള്‍ പോലും കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ് ഇങ്ക് പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ചാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ആറ് കെട്ടിടങ്ങള്‍ വ്യക്തമായി കാണാം. ഈ ചിത്രവും 2018 ഏപ്രിലില്‍ ലഭിച്ച സാറ്റലൈറ്റ് ചിത്രവും താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മാറ്റമൊന്നുമില്ലെന്നും റോയിറ്റേഴ്‌സ് വിശദീകരിക്കുന്നുണ്ട്.

പുതിയ ചിത്രങ്ങളില്‍ കാര്യമായ കേടുപാടില്ലെന്നാണ് സൂചന. മദ്രസയുടെ പരിസരത്തെ മരങ്ങള്‍ക്ക് പോലും കേടുപാടുകളില്ല, കെട്ടിടങ്ങള്‍ക്കും. ഇത് ഇന്ത്യയുടെ വ്യോമാക്രമണ വാദങ്ങളെ സംശയദൃഷ്ടിയിലാക്കുന്നെന്ന് റോയിറ്റേഴ്‌സ് പറയുന്നു.

Exit mobile version