ഭാര്യയുമായി വഴക്കിട്ടു; പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം; ഒരുക്കിയത് കളിത്തോക്ക് ഉപയോഗിച്ച് വിമാനം റാഞ്ചല്‍ നാടകം; ഒടുവില്‍ വെടിയേറ്റ് മരണവും; ബംഗ്ലാദേശിലെ യുവാവിന്റെ കഥയിങ്ങനെ

ധാക്ക: കഴിഞ്ഞദിവസം ബംഗ്ലാദേശില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവ് ഭീകരസംഘടനകളുമായി ബന്ധമുള്ളയാളല്ലെന്ന് സൂചന. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പരിഹാരം കാണാനാണ് ഇയാള്‍ ഈ സാഹസത്തിനു മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രശ്‌നപരിഹാരത്തിനായി കളിത്തോക്കുമായി രംഗത്തെത്തിയത്.

ഭാര്യയുമായി വഴക്കിട്ട യാത്രക്കാരന്‍ നടത്തിയ ഒരു നാടകമായിരുന്നു വിമാനം റാഞ്ചല്‍. ഇയാള്‍ തോക്ക് ചൂണ്ടി പൈലറ്റിനെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു. പൈലറ്റ് ഇടപെട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിളിച്ച് ഭാര്യയുമായുള്ള തന്റെ പ്രശ്നത്തിന് പരിഹാരം കാണണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്കയില്‍ നിന്ന് ദുബായിയിലേക്കുളള വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു. യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും പൈലറ്റിനെയും തോക്ക് ചൂണ്ടിയായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

ഇതിന് പിന്നാലെ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ സ്ഥലത്തെത്തി വിമാനം വളഞ്ഞായിരുന്നു യാത്രക്കാരെ പുറത്തിറക്കിയത്. ഇയാളോട് തോക്ക് താഴെയിടാനും കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് പട്ടാളം ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

Exit mobile version