സിറിയയേക്കാള്‍ മൂന്നിരട്ടി ലോകത്തിന് ഭീഷണി; മനുഷ്യരാശിക്ക് ഭീഷണിയായി പാകിസ്താന്‍

ലണ്ടന്‍: പാകിസ്താന്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിന് സിറിയയെക്കാള്‍ മൂന്ന് മടങ്ങ് ഭീഷണിയാണ് പാകിസ്താന്‍ എന്നാണ് ഓക്‌സഫഡ് സര്‍വകലാശാലയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്ന് തയാറാക്കിയ ഹ്യൂമാനിറ്റി അറ്റ് റിസ്‌ക്-ഗ്ലോബല്‍ ടെറര്‍ ത്രെറ്റ് ഇന്‍ഡിക്കേറ്റ് (ജിടിടിഐ) റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്‍, ലഷ്‌കറെ ത്വയിബ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍. ഭീകരര്‍ക്ക് താവളമൊരുക്കി ആഗോള സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് പാകിസ്താനാണ്. അപകടകരമായ ഭീകവവാദ ഗ്രൂപ്പുകളുടെ താവളങ്ങള്‍ പരിശോധിച്ചാല്‍ അതിലേറെയും പാകിസ്താനിലാണെന്ന് മനസിലാക്കാം.

കൂടാതെ, അഫ്ഗാനിസ്ഥാനിലും പാകിസ്താന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളുണ്ട്. അടുത്ത ദശാബ്ദത്തില്‍ നേരിടേണ്ടി വരുന്ന സുരക്ഷ ഭീഷണികളെ കുറിച്ചാണ് 80 പേജ് വരുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്.

വിവിധ തരത്തിലുള്ള തീവ്രവാദങ്ങള്‍ വര്‍ധിച്ച് വരികയാണ്. ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രശ്‌നങ്ങളും മനുഷ്യന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 200 സംഘങ്ങളെ നിരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്‌ലാമിക് സ്റ്റേറ്റിന് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. അല്‍ ഖ്വയ്ദയാണ് ശക്തിപ്രാപിച്ച് വരുന്നത്. ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ഒസാമയാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ തലവന്‍.

രഹസ്യാനേഷ്വണ വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും പിന്തുണ ഭീകരവാദ സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന് പുറമെ സിറിയ, ലബനന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും തീവ്രവാദ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Exit mobile version