‘ഞാനില്ലെങ്കില്‍ കാണായിരുന്നു’! താന്‍ അമേരിക്കന്‍ പ്രസിഡന്റ് അല്ലായിരുന്നെങ്കില്‍ യുഎസ്-ഉത്തര കൊറിയ യുദ്ധം നടന്നേനെ; സ്വയം വാഴ്ത്തി ട്രംപ്

കഴിഞ്ഞ ജൂണിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള നയതന്ത്ര വിജയം തന്റെ വ്യക്തിപരമായ വിജയമെന്ന് വാഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. താന്‍ അധികാരത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ അമേരിക്ക ഇപ്പോള്‍ ഉത്തരകൊറിയയുമായി യുദ്ധത്തിലായിരുന്നേനെ എന്നും ട്രംപ് അവകാശപ്പെട്ടു.

” ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നില്ലെങ്കില്‍, എന്റെ അഭിപ്രായത്തില്‍ നമ്മളിപ്പോള്‍ ഉത്തര കൊറിയയുമായി യുദ്ധം ചെയ്തേനെ. കൊറിയയില്‍ ഞാനും അമേരിക്കയും സ്വന്തമാക്കിയത് വലിയ വിജയമാണ്. നല്ല ബന്ധമാണ് കിമ്മുമായി ഉള്ളത്-” ട്രംപ് പറയുന്നു.

കഴിഞ്ഞ ജൂണിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാം കൂടിക്കാഴ്ച ഈ മാസം 27നും 28നും വിയറ്റ്നാമില്‍ വെച്ചാണ് നടക്കുക. ആദ്യകൂടിക്കാഴ്ചയ്ക്ക് ശേഷം ആണവ നിരായൂധീകരണത്തിന് ഉത്തരകൊറിയ തയ്യാറായിരുന്നു. ഇതിന്റെ ഭാഗമായി വലിയ രണ്ട് ആണവശാലകള്‍ കൊറിയ പൂട്ടിയിരുന്നു. എന്നാല്‍ ഉത്തര കൊറിയ ഇപ്പോഴും ആണവ-ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണവും പരീക്ഷണവും തുടരുന്നു എന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതില്‍ പ്രതികരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

Exit mobile version