ഫ്രാന്‍സിന്റെ നിഖാബ് നിരോധനം കടുത്ത മനുഷ്യാവകാശ ലംഘനം; വിമര്‍ശനവുമായി യുഎന്‍

ബുര്‍ഖ ധരിച്ച സ്ത്രീകളില്‍ നിന്നും പിഴയീടാക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.

ന്യൂയോര്‍ക്ക്: 2010-ല്‍ ഫ്രാന്‍സ് പൊതു ഇടങ്ങളില്‍ മുഖാവരണം നിരോധിച്ച നടപടിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ബുര്‍ഖ ധരിച്ച സ്ത്രീകളില്‍ നിന്നും പിഴയീടാക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.

2010 ല്‍ നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായിരുന്നപ്പോഴാണ് പൊതു ഇടങ്ങളില്‍ മുഖാവരണം നിരോധിച്ച് ഫ്രാന്‍സില്‍ നിയമം വരുന്നത്. നിയമം ലംഘിച്ചാല്‍ 170 ഡോളര്‍ പിഴയടക്കണമെന്നും നിയമത്തില്‍ പറഞ്ഞിരുന്നു. അതിനു ശേഷം 2012 ല്‍ പൊതു സ്ഥലത്ത് ബുര്‍ഖ ധരിച്ചതിന്റെ പേരില്‍ രണ്ടു സ്ത്രീകളില്‍ നിന്ന് പിഴയിടാക്കിയിരുന്നു. അതിനെ ചൂണ്ടിക്കാട്ടിയാണ് യുഎന്‍ നിഖാബ് നിരോധനത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

വ്യക്തികള്‍ക്ക് അവരുടെ മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

ഫ്രാന്‍സില്‍ 50 ലക്ഷം മുസ്ലിംകളാണുള്ളത്. അതില്‍ 2000ത്തോളം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നുണ്ടെന്നാണ് കണക്ക്. ഓസ്‌ട്രേലിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും ബുര്‍ഖ നിരോധിച്ചതാണ്.

Exit mobile version