സമ്മതമില്ലാതെ പിടികൂടി ക്യാമ്പിലേക്ക് കൊണ്ടുപോകും, പിന്നെ പുറം ലോകം കാണാനാവില്ല; മുസ്ലിങ്ങളെ നാമാവശേഷമാക്കാനൊരുങ്ങി ചൈന

ചിലപ്പോള്‍ വര്‍ഷങ്ങളോളം, ഇങ്ങനെ നിരവധി പേര്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്

ചൈനയിലെ ലുവോപു പ്രവിശ്യയിലെ തൊഴില്‍ പരിശീലന കേന്ദ്രം വിശാലമായ കൃഷിയിടങ്ങള്‍ക്കു നടുവില്‍ പൊടുന്നനെ ഉയര്‍ന്നു വരുന്ന ഒരു കൂറ്റന്‍ കെട്ടിടമാണ്. കൂര്‍ത്ത വയറുകളും നിരീക്ഷണ ക്യാമറകളും മുഴുനീളം കാണാന്‍ സാധിക്കുന്ന കെട്ടിടത്തിന്റെ ഉയരമുള്ള വെള്ള മതിലിനു പുറത്ത് ഒരു പോലീസ് വാഹനം നിരന്തരം റോന്തു ചുറ്റിക്കൊണ്ടിരിക്കുന്നു.

കെട്ടിടത്തിനു പുറത്ത് നിരവധി കാവല്‍ക്കാര്‍ നിരന്നു നില്‍ക്കുന്നു. 1,70,000 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയില്‍ നിലകൊള്ളുന്ന ഈ കേന്ദ്രം ചുറ്റുമുള്ള പല ഗ്രാമങ്ങളേക്കാളും വലുതാണ്. ‘വംശീയ ഐക്യം കാത്തുരക്ഷിക്കുക’ എന്ന് അകത്തെ ഒരു കെട്ടിടത്തിനു പുറത്തു എഴുതിവെച്ചിരിക്കുന്നത് കാണാം.

കെട്ടിടത്തിലേക്ക് സൂക്ഷിച്ചു നോക്കി കുറച്ചു പേര്‍ പുറത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ അകത്ത് എന്താണെന്നോ തങ്ങള്‍ അവിടെ എന്തിനു വേണ്ടി നില്‍ക്കുന്നെന്നോ പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. അതിലൊരു സ്ത്രീ തന്റെ സഹോദരനെ കാണാന്‍ വന്നതാണ് എന്നതിനപ്പുറം ഒന്നും പറയുന്നില്ല. സഹോദരന്മാരോടൊപ്പം അച്ഛനെ കാണാന്‍ വന്നതാണെന്ന് കൂട്ടത്തില്‍ ഒരു ചെറിയ പെണ്‍കുട്ടി പറയാന്‍ ആരംഭിച്ചെങ്കിലും അവരുടെ അമ്മ അവളെ നിശബ്ദയാക്കി.

തുറന്നു സംസാരിക്കാനുള്ള അവരുടെ ഭയം മനസ്സിലാക്കാവുന്നതാണ്. ഈ കേന്ദ്രം ഔദ്യോഗികമായ തടവറയോ സര്‍വകലാശാലയോ ഒന്നുമല്ല. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ, പ്രത്യേകിച്ച് ഉയിഗൂര്‍ വിഭാഗത്തില്‍ പെട്ടവരെ, അവരുടെ സമ്മതമില്ലാതെ കൊണ്ടുപോയി തടവിലാക്കുന്ന ഒരു ക്യാമ്പാണത്. വിചാരണയില്ലാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം, ഇങ്ങനെ നിരവധി പേര്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്.

Exit mobile version