ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; അമ്പരന്ന് ശാസ്ത്രലോകം

ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ പരുത്തി വിത്ത് ചന്ദ്രനില്‍ എത്തിച്ചത്.

ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍വെച്ച് ആദ്യത്തെ സസ്യം മുളപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ പരുത്തി വിത്ത് ചന്ദ്രനില്‍ എത്തിച്ചത്. പേടകം വിജയകരമായി ചന്ദ്രനിലിറങ്ങിയെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചെടി മുളച്ചതായുള്ള വാര്‍ത്ത രാജ്യം പുറത്തുവിട്ടത്. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തില്‍ ജൈവികമായി ഒരു സസ്യം മുളപൊട്ടുന്നത്.

മണ്ണു നിറച്ച പാത്രത്തിനുള്ളില്‍ പരുത്തിയുടെയും ഉരുളക്കിഴങ്ങിന്റെയും വിത്തുകളും ഒപ്പം യീസ്റ്റും ഫ്രൂട്ട് ഫ്ലൈയുടെ മുട്ടകളും അടക്കം ചെയ്താണ് അയച്ചിരുന്നത്. വിത്തുകളെ ഉയര്‍ന്ന അന്തരീക്ഷമര്‍ദത്തിലൂടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്.

പരീക്ഷണം ആരംഭിച്ച് ഒമ്പതുദിവസത്തിനു ശേഷമുള്ള പരുത്തിമുളപൊട്ടിയതിന്റെ ചിത്രം പുറത്തെത്തിയിട്ടുണ്ട്. ജനുവരി 12നാണ് ചിത്രമെത്തിയത്. ഭൂമിക്ക് അഭിമുഖമല്ലാത്ത ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ്ചാങ് ഇ നാല് വിക്ഷേപിച്ചത്. ജനുവരി മൂന്നിനാണ് ചന്ദ്രനിലെത്തിയത്. ചന്ദ്രനിലേക്ക് നാലുവാഹനങ്ങള്‍ കൂടി അയക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്. ചാങ് 5 ഈവര്‍ഷം അവസാനം വിക്ഷേപിച്ചേക്കുമെന്നാണ് സൂചന.

Exit mobile version