ബലാത്സംഗക്കേസില്‍ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്; ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ യുഎസ് പോലീസ്

ലാസ് വെഗാസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ കൂടുതല്‍ ശക്തമായ നടപടിക്ക് ഒരുങ്ങി ലാസ് വെഗാസ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ താരം കൂടിയായ റൊണാള്‍ഡോയോട് ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. കേസില്‍ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു. റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കക്കാരിയായ കാതറിന്‍ മയോര്‍ഗയെന്ന അധ്യാപിക രംഗത്തെത്തിയത്.

2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചെന്ന പരാതിയുമായാണ് യുവതി കോടതിയെ സമീപിച്ചത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാള്‍ഡോ. അന്ന് 25-കാരിയിയിരുന്ന മയോര്‍ഗ റെയ്ന്‍ എന്ന നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്നു. ബലമായി പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ പറഞ്ഞത് പോലീസിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു.

Exit mobile version