ഖത്തറും ഈജിപ്തും ഇടപെട്ടു; സ്ത്രീകളായ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; മരണം 5000 കവിഞ്ഞെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്നും പിടികൂടി ബന്ദികളാക്കിയ രണ്ട് പേരെ കൂടി സായുധസംഘം ഹമാസ് മോചിപ്പിച്ചതായി സ്ഥിരീകരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് ഹമാസ് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചത്. ഇസ്രായേലി ഉദ്യോഗസ്ഥരുള്‍പ്പടെ ഇക്കാര്യം സ്ഥിരീകരിച്ചെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തില്‍ ഇതുവരെ പ്രതകരിച്ചിട്ടില്ല.

ബന്ദികളെ റെഡ് ക്രോസിന് വിട്ടയച്ചതായി ഒരു സ്രോതസ്സ് അറിയിച്ചു. തങ്ങള്‍ ഇതുവരെ ഇസ്രായേലില്‍ എത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

ഇസ്രയേല്‍ പൗരത്വമുള്ള രണ്ട് സ്ത്രീകളെയാണ് മോചിപ്പിച്ചതെന്നാണ് വിവരം. രണ്ട് ബന്ദികളേയും കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച ഹമാസ് രണ്ട് അമേരിക്കന്‍ ബന്ദികളെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി മോചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ജൂഡിത്ത് തായ് റാണന്‍,17 വയസ്സുള്ള മകള്‍ നതാലി റാണന്‍ എന്നിവരെയാണ് മോചിതരാക്കിയത്. ‘മാനുഷിക കാരണങ്ങളാലാണ്’ രണ്ട് യുഎസ് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വക്താവ് പ്രതികരിച്ചിരുന്നു.

അതേസമയം, ഇസ്രായേല്‍ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400 ലധികം ആളുകളെ കൊന്നൊടുക്കുകയും 200 പേരെ ബന്ദികളാക്കിയെന്നുമാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 5,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 15,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
Also Readമതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം വീട്ടുമുറ്റത്തെ വെള്ളക്കെട്ട് തുറന്നുവിടാന്‍ ശ്രമിക്കുന്നതിനിടെ

ഗാസയില്‍ നടത്തിയ സ്ഫോടനങ്ങളില്‍ സ്‌കൂളുകളും മസ്ജിദുകളും ഉള്‍പ്പെടെയുള്ള നിരവധി കെട്ടിടങ്ങള്‍ നിലംപരിശാക്കി. ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ തകര്‍ത്തെന്നും ഗാസ അധികൃതര്‍ പറഞ്ഞു.

Exit mobile version