കടുത്ത നെഞ്ചുവേദന, പിന്നാലെ സ്‌ട്രോക്ക്; ബ്രിട്ടനില്‍ മലയാളിക്ക് ആകസ്മിക മരണം; വിയോഗം മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് വരാനുള്ള ഒരുക്കത്തിനിടെ

വോക്കിങ്ങ്: ബ്രിട്ടനിലെ വോക്കിങ്ങിൽ കണ്ണൂർ സ്വദേശിയായ റസ്റ്ററന്റ് ഷെഫിന് ആകസ്മിക മരണം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം കണിയാൽ വീട്ടിൽ കെ. വിജയൻ ആണ് മരിച്ചത്. 63 വയസായിരുന്നു. ജനുവരി 7നു നാട്ടിൽ പോകാനിരിക്കെയാണ് വിജയന് ആകസ്മിക മരണം സംഭവിച്ചത്.

ഫെബ്രുവരി 15 ന് തളിപ്പറമ്പ് കൂവേരി സ്വദേശിയുമായി ഇളയ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നാട്ടിൽ നടക്കുകയായിരുന്നു. ഈ വേളയിലെ മരണം കുടുംബത്തെ സങ്കട കടലിൽ ആഴ്ത്തി. വോക്കിങ്ങിലെ ഗിൽഡ്‌ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു വിജയൻ. വർഷങ്ങൾക്ക് മുമ്പാണ് വിജയൻ ബ്രിട്ടനിൽ എത്തിയത്.

മൂന്നു ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില വഷളായി.

തുടർന്ന് എയർ ആംബുലൻസിൽ ലണ്ടൻ കിങ്സ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സൗകര്യം നൽകിയെങ്കിലും പൊടുന്നനെ മരണത്തിന് കീഴടങ്ങി. കുടുംബാംഗങ്ങൾ നാട്ടിൽ ആയതിനാൽ സംസ്‌ക്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യ: ലളിത. മക്കൾ: കവിത, വിജിത. മരുമകൻ: രമിത്.

Exit mobile version