അമേരിക്കയിലെ പരിപാടിക്ക് പോകാന്‍ മുന്‍കൂറായി മനഃപൂര്‍വ്വം കോവിഡ് ബാധിതയായി; ചൈനീസ് ഗായികയ്ക്ക് എതിരെ സൈബര്‍ ആക്രമണം

ലോകമെമ്പാടും വീണ്ടും കോവിഡ് ഭീതി പടരുന്നതിനിടെ കോവിഡ് രോഗം രൂക്ഷമായ ചൈനയില്‍ വ്യചിത്രമായ സംഭവങ്ങള്‍. മനഃപൂര്‍വ്വം രോഗബാധിതയായെന്ന് ചൈനീസ് ഗായിക വെളിപ്പെടുത്തിയത് സൈബര്‍ ലോകത്ത് വലിയ കോലാഹലമാണ് ഉണ്ടാക്കുന്നത്.

ചൈനീസ് ഗായികയും ഗാനരചയിതാവുമായ ജെയ്ന്‍ ഴാങ്ങാണ് താന്‍ മനഃപൂര്‍വ്വം കോവിഡ് ബാധിതയായെന്ന് അവകാശപ്പെട്ട് എത്തിയത്. താരത്തിന്റെ വെളിപ്പെടുത്തല്‍ ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെയ്‌ബോയിലൂടെയായിരുന്നു. സംഭവം വിവാദമായതോടെ ഇവര്‍ ബ്ലോഗ് പിന്‍വലിച്ചു.

ഒമിക്രോണ്‍ വകഭേദമായ BF.7 ചൈനയില്‍ പടര്‍ന്നുപിടിക്കുന്നത് ലോകം തന്നെ ആശങ്കയോടെ കാണുന്നതിനിടെയാണ് ഗായിക വിചിത്രമായി പെരുമാറിയിരിക്കുന്നത്. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകുകയും ചെയ്താണ് താന്‍ രോഗബാധിതയായതെന്നാണ് താരം പറയുന്നത്.

അതേസമം, അമേരിക്കയില്‍ ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി ഉടന്‍ നടക്കുന്നുണ്ട്. ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിച്ചാലോ എന്ന ആശങ്ക കാരണമാണ് മുന്‍പ് തന്നെ അസുഖം ബാധിക്കാനായി താന്‍ ഈ സാഹസം ചെയ്തതെന്നാണ് ഴാങ് വിശദീകരിക്കുന്നത്.

also read- റിട്ട. അധ്യാപികയെ ശുശ്രൂഷിക്കാനെത്തിയ ബന്ധുക്കള്‍ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികളുടെ ഭൂമിയും വീടും; പരാതിയും കണ്ണീരുമായി ഈ വയോധിക

ഇപ്പോള്‍ കൊറോണ വന്നാല്‍ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോഗമുക്തയാകാമെന്നും അതിനാല്‍ നേരത്തേ തന്നെ പോസിറ്റീവ് ആകാന്‍ തീരുമാനിച്ചു എന്നുമാണ് താരം പറയുന്നത്.

തനിക്ക് ലളിതമായ രോഗ ലക്ഷണങ്ങളുണ്ടായിരുന്നുള്ളൂവെന്നും ലക്ഷണങ്ങള്‍ ഒരു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഴാങ് വിശദീകരിച്ചു. വിറ്റാമിന്‍ സി കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്തതോടെ എല്ലാം ശരിയായെന്നാണ് ഇവരുടെ അവകാശ വാദം.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഇങ്ങനെ ചെയ്തത് വളരെ വലിയ തെറ്റായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ജെയ്ന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Exit mobile version