മുക്കാല്‍ മണിക്കൂറിലേറെ നേരം മഞ്ഞില്‍ പുതഞ്ഞു കിടന്നിട്ടും 12കാരന് ഒടുവില്‍ അത്ഭുതകരമായ അതിജീവനം! ഹിമപാതത്തില്‍ കുടുങ്ങിയ ബാലന് രക്ഷകനായത് നായ

ആല്‍പ്‌സ് പര്‍വതം കയറുന്നതിനിടെ മഞ്ഞിനടിയില്‍ അകപ്പെട്ട ബാലന് അത്ഭുതകരമായ അതിജീവനം

പാരിസ്: ആല്‍പ്‌സ് പര്‍വതം കയറുന്നതിനിടെ മഞ്ഞിനടിയില്‍ അകപ്പെട്ട ബാലന് അത്ഭുതകരമായ അതിജീവനം. മുക്കാല്‍ മണിക്കൂറോളം മഞ്ഞുപാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന 12 കാരനെ രക്ഷാ സംഘത്തോടൊപ്പമുള്ള നായയാണ് കണ്ടെത്തിയത്. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി ആശുപത്രിയിലാക്കിയ 12 കാരന്‍ അപകടത്തെ അതിജീവിച്ച് ജീവതത്തിലേക്ക് പിച്ചവെച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കുടുംബത്തോടൊപ്പം മലകയറാന്‍ പോയ ബാലനാണ് അപകടത്തെ അതിജീവിച്ചത്. കുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗ്രേനോബിളിലെ ആശുപത്രിയില്‍ കുട്ടി സുഖം പ്രാപിച്ചുവരുന്നു എന്ന് മാത്രമാണ് വിവരം. 15 മിനിറ്റിലധികം മഞ്ഞിനടിയില്‍പ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെങ്കിലും 45 മിനിറ്റിലേറെ മഞ്ഞില്‍ പുതഞ്ഞു പോയിട്ടും ബാലന് ഒന്നും സംഭവിച്ചില്ലെന്നത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വീഴ്ചയില്‍ കാലിന് സംഭവിച്ച ഒടിവ് ഒഴിച്ചാല്‍ ബാലന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫ്രാന്‍സിലെ ലാ പ്ലാഗ്‌നെ സ്‌കീ പ്രദേശത്താണ് ഹിമപാതമുണ്ടായത്. അപകടം സംഭവിക്കുകയോ ഒറ്റപ്പെടുകയോ ചെയ്താല്‍ കണ്ടെത്താന്‍ സഹായിക്കുന്ന സിഗ്‌നലുകള്‍ പുറപ്പെടുവിക്കുന്ന ‘ട്രാസ്മിറ്റിംഗ് ബീക്കണ്‍’ പോലുമില്ലാതെയാണ് ബാലന്‍ മഞ്ഞിനടിയില്‍ കുടുങ്ങിയത്. കുതിച്ചെത്തിയ മൗണ്ടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും തെരച്ചില്‍ നടത്തുന്നതിനിടെ സംഘത്തിലെ നായയാണ് മഞ്ഞിനടിയില്‍ മനുഷ്യനുണ്ടെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാലനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Exit mobile version