നാല് മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം : പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി ചൈന

കോവിഡ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍ നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയാണ് മിക്ക രാജ്യങ്ങളും നടത്തി വരുന്നത്. ടെസ്റ്റിന്റെ റിസള്‍ട്ട് കിട്ടാന്‍ മണിക്കൂറുകളോ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസമോ കാത്തിരിക്കേണ്ടി വന്ന അനുഭവം നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുമുണ്ടാകും. എന്നാല്‍ ഇനി ഈ കാത്തിരിപ്പ് വേണ്ട എന്നാണ് ചൈന പറയുന്നത്. നാല് മിനിറ്റില്‍ പിസിആര്‍ പരിശോധനാ ഫലം അറിയുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു കഴിഞ്ഞു എന്നാണ് ചൈനയുടെ വാദം.

ഷാങ്ഹായിലെ ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലുള്ള ഒരു പറ്റം ഗവേഷകരാണ് ഈ സാങ്കേതിക വിദ്യക്ക് പിന്നില്‍. തങ്ങള്‍ വികസിപ്പിച്ചെടുത്ത ഇലക്ട്രോ മെക്കാനിക്കല്‍ ബയോസെന്‍സര്‍ ഉപയോഗിച്ച് നാല് മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം അറിയാനാവുമെന്നാണ് ഇവര്‍ പറയുന്നത്. ഉയര്‍ന്ന സംവേദനക്ഷമത, പോര്‍ട്ടബിലിറ്റി എളുപ്പത്തിലുള്ള പ്രവര്‍ത്തന രീതി എന്നിവയൊക്കെ സെന്‍സര്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതുപയോഗിച്ച്‌ 87 പേരില്‍ നടത്തിയ പരീക്ഷണം വന്‍ വിജയം ആയിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

കോവിഡ് രോഗ ലക്ഷണമുള്ളവരിലും ഇല്ലാത്തവരിലും ഗവേഷകര്‍ പരിശോധന നടത്തിയിരുന്നു. ഇവയില്‍ കൃത്യമായ ഫലങ്ങളാണ് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കയ്യില്‍ കൊണ്ടു നടക്കാവുന്ന സെന്‍സര്‍ ഉപയോഗിച്ച് എവിടെ നിന്നും പരിശോധന നടത്താം എന്നതിനാല്‍ വിദേശയാത്രക്കാര്‍ക്കടക്കം ഇത് വലിയ രീതിയില്‍ ഉപയോഗപ്പെടുമെന്നുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

നിലവില്‍ വിപണിയിലുള്ള പല പരിശോധനാ കിറ്റുകളും അത്ര മികച്ച ഫലമല്ല തരുന്നത് എന്നതിനാല്‍ ചൈനയുടെ പുതിയ കിറ്റ് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടു തന്നെ അറിയണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
ലോകത്തിലെ തന്നെ കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് ചൈന. കസ്റ്റംസ് ഡാറ്റ അനുസരിച്ച് ഡിസംബറില്‍ 1.6 ബില്യണ്‍ യുഎസ് ഡോളറിന്റെ ടെസ്റ്റ് കിറ്റുകളാണ് ചൈന കയറ്റുമതി ചെയ്തിരിക്കുന്നത്. മുന്‍ മാസത്തേക്കാള്‍ 144 ശതമാനം വര്‍ധന.

Exit mobile version