കോവിഡ് ഭീതിയില്‍ വീണ്ടും ചൈന : ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഡെല്‍റ്റ വ്യാപനമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ് : ചൈനയില്‍ വീണ്ടും ഭീതി വിടര്‍ത്തി കോവിഡ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുതിയ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും വടക്ക് കിഴക്കന്‍ ഡാലിയന്‍ നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 4 മുതല്‍ ഇവിടെ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 7.5 മില്യണ്‍ ജനസംഖ്യയുള്ള നഗരത്തില്‍ ഓരോ ദിവസവും 24 പേര്‍ക്ക് വീതം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് കണക്ക്.

ഒക്ടോബര്‍ 17 മുതല്‍ 1,308 എന്ന നിലയിലാണ് ചൈനയില്‍ പ്രാദേശിക കേസുകളുടെ എണ്ണം. നിലവില്‍ 21 പ്രവിശ്യകളെയും പ്രദേശങ്ങളെയും മുനിസിപ്പാലിറ്റികളെയും ഡെല്‍റ്റ വകഭേദം വ്യാപിച്ചിട്ടുണ്ട്. ചൈനയിലെ ഏറ്റവും വ്യാപകമായ ഡെല്‍റ്റ വകഭേദമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ശനമായ കോണ്‍ടാക്ട് ട്രേസിങ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ഒന്നിലധികം തവണ പരിശോധന നടത്തല്‍, വിനോദ സഞ്ചാരം നിര്‍ത്തി വയ്ക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ അധികൃതര്‍ നടപ്പിലാക്കുന്നുണ്ട്.

Exit mobile version