ആണവായുധങ്ങള്‍ തൊടുക്കാന്‍ ചൈന ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട് : ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

വാഷിംഗ്ടണ്‍ : ഭാവിയില്‍ ആണവായുധങ്ങള്‍ തൊടുക്കാന്‍ ശേഷിയുള്ള ഭൂഗര്‍ഭകേന്ദ്രങ്ങള്‍ ചൈന നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് (എഫ്.എ.എസ്) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സൈലോസ് മിസൈല്‍ സംവിധാനം സജ്ജമാക്കുന്നതില്‍ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായാണ് വിവരം.

ബാലിസ്റ്റിക് മിസൈലുകള്‍ സംഭരിക്കാനും തൊടുക്കാനുമായി ഭൂമിയ്ക്കടിയില്‍ കുത്തനെ കുഴലിന്റെ ആകൃതിയില്‍ നിര്‍മിക്കുന്ന മിസൈല്‍ ലോഞ്ചിങ് സംവിധാനമാണ് സൈലോകള്‍. ഇവ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും എങ്ങനെയാണ് ചൈന ഇവ പ്രവര്‍ത്തിപ്പിക്കുകയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഷിന്‍ജിയാങ് പ്രവിശ്യയുടെ കിഴക്ക് ഭാഗത്തുള്ള ഹാമിയില്‍ ചൈന സൈലോകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ യുമെനിലും ഓര്‍ഡോസിലും ചൈന സൈലോ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവ മുന്‍പെങ്ങും ഇല്ലാത്ത വിധമുള്ളതാണെന്നാണ് വിവരം.

Exit mobile version