“വെല്ലുവിളി നിറഞ്ഞ സാഹചര്യം” : ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ

ബെയ്ജിങ് : ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് യുഎസിലെ അന്താരാഷ്ട്ര ടെക്‌നോളജി കമ്പനിയായ യാഹൂ. ചൈനയിലെ നിയമപ്രശ്‌നങ്ങളും വെല്ലുവിളി നിറഞ്ഞ സാഹചര്യവും പ്രവര്‍ത്തനത്തിന് അനുകൂലമല്ലെന്നും അതിനാല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

“ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ അതിന് തടസ്സം നില്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ചൈനയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നു.” കമ്പനി പറഞ്ഞു. ഇതിന് മുമ്പ് യാഹൂ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും 2015ല്‍ ബെയ്ജിങ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.

ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ കമ്പനിയാണ് യാഹൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കാരണങ്ങളാല്‍ ഗൂഗിളും കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇനും ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.

Exit mobile version