കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ ചൈനയില്‍ അച്ഛനമ്മമാര്‍ക്ക് കിട്ടും ‘കോലുമിട്ടായി ‘

ബെയ്ജിങ് : കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് മാതാപിതാക്കളെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികളുടെ മോശം പെരുമാറ്റത്തിന് കാരണം വീട്ടുകാരുടെ അശ്രദ്ധ മൂലമാണെന്നതിനാലാണ് നിയമം പാസാക്കാനൊരുങ്ങുന്നതെന്ന് പീപ്പിള്‍സ് കോണ്‍ഗ്രസിന് കീഴിലുള്ള ലെജിസ്ലേറ്റീവ് അഫയേഴ്‌സ് കമ്മിഷന്‍ വക്താവ് സാങ് തിവെ പറഞ്ഞു.

കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വക പ്രത്യേകം ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും നിയമം അനുശാസിക്കുന്നു.

ഗെയിമുകളോട് കുട്ടികള്‍ക്കുള്ള അമിതാസക്തി കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള സമയം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഓരോ മണിക്കൂര്‍ വീതം മാത്രമായി ചൈന ചുരുക്കിയിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി ഹോം വര്‍ക്കുകള്‍ വെട്ടിക്കുറയ്ക്കുകയും അവധി ദിവസങ്ങളിലെ ട്യൂഷന്‍ നിരോധിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version