പള്ളി സന്ദര്‍ശനത്തിനിടെ അജ്ഞാതന്റെ കുത്തേറ്റ് ബ്രിട്ടീഷ് എംപി മരിച്ചു

ലണ്ടന്‍ : സ്വന്തം മണ്ഡലത്തിലെ പള്ളിയില്‍ നടന്ന യോഗത്തിനിടെ അജ്ഞാതന്റെ കുത്തേറ്റ് ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സ് (69) മരിച്ചു. ലെയ്ഗ് ഓണ്‍ സീയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമി നിരവധി തവണ എംപിയെ കുത്തിയതായാണ് റിപ്പോര്‍ട്ട്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ് അമെസ്സ്. കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ യോഗത്തിനെത്തുന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.1983 മുതല്‍ ഇദ്ദേഹം എംപി സ്ഥാനത്തുണ്ട്.

സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി.

Exit mobile version