റണ്‍വേയുടെ മുകളിലൂടെ ഡ്രോണുകള്‍ പറന്നു; വിമാനങ്ങള്‍ റദ്ദാക്കി, ദുരിതത്തിലായത് ഒന്നരലക്ഷത്തിലേറെ യാത്രക്കാര്‍

കഴിഞ്ഞ ദിവസം മാത്രം 760 വിമാനങ്ങളാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനുണ്ടായത്

ലണ്ടന്‍: റണ്‍വേയുടെ മുകളിലൂടെ ഡ്രോണുകള്‍ പറന്നതിനെത്തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളം അടച്ചിട്ടു. ഇതോടെ ഒന്നരലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഇനി വിമാനത്താവളം തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. യുകെയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ് ഗാറ്റ് വിക്ക്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ബ്രിട്ടീഷ് ഗതാഗത മന്ത്രി ക്രിസ് ഗൈലിങ് ക്ഷമ ചോദിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് ഡ്രോണുകള്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പറന്നുയരാന്‍ നിന്ന വിമാനങ്ങളുടെ യാത്ര റദ്ദാക്കിയ അധികൃതര്‍ വിമാനത്താവളം അടച്ചു. പുലര്‍ച്ചെ വീണ്ടും വിമാനത്താവളം തുറന്നെങ്കിലും ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്താവളം വീണ്ടും അടച്ചു. നിലവില്‍ തീവ്രവാദ ഭീഷണിയൊന്നുമില്ലെന്നും മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ആരോ ഡ്രോണുകള്‍ പറത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാത്രം 760 വിമാനങ്ങളാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനുണ്ടായത്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളം പഴയ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ക്രിസ്മസ് പുതുവത്സര സീസണായതിനാല്‍ വലിയ തിരക്കാണ് വിമാനത്താവളത്തില്‍.

Exit mobile version