ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രളയം : ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Storm Ida | Bignewslive

ന്യൂയോര്‍ക്ക് : ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വന്‍ പ്രളയം. നഗരത്തില്‍ മിക്കയിടങ്ങളിലും സ്ഥിതി രൂക്ഷമായതിനെത്തുടര്‍ന്ന് മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വീടുകളും റോഡുകളും സബ്‌വേ സ്റ്റേഷനുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത ന്യൂ ജഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒമ്പത് വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. സെന്‍ട്രല്‍ പാര്‍ക്കില്‍ മണിക്കൂറില്‍ 8 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള ട്രെയിന്‍, വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെയിരിക്കാന്‍ ജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ വടക്ക് കിഴക്കന്‍ ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി. ഈ പ്രദേശങ്ങളിലും മഴക്കെടുതി വ്യാപകമാണ്. കനത്ത ചുഴലിക്കാറ്റില്‍ ലൂസിയാനയില്‍ ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഇവിടെ 209 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ നഗരത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി ഒഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. മുന്‍കരുതലുകളെടുത്തിരുന്നതിനാല്‍ ദുരന്തത്തില്‍ മരണനിരക്ക് കുറവാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി.

Exit mobile version