വീശിയടിച്ച് ‘അലക്‌സ്’ കൊടുങ്കാറ്റ്’; അതിശക്തമായ മഴയും, വന്‍നാശനഷ്ടങ്ങള്‍

റോം: വടക്കന്‍ ഇറ്റലിയില്‍ ശക്തമായ മഴയും ‘അലക്‌സ്’ കൊടുങ്കാറ്റും. വിവിധ പ്രദേശങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകയും വഴിമാറിയൊഴുകുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് ഇവിടെയുണ്ടായിരിക്കുന്നത്. രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടുപേരെ കാണാതായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മണ്ണിടിച്ചിലും രൂക്ഷമാണ്. റോഡുകള്‍ തകരുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തതോടെ പ്രദേശത്തെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പിയമോന്തേ, ലിഗൂറിയ തുടങ്ങിയ റീജിയനുകളുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അലക്‌സ്’ കൊടുങ്കാറ്റില്‍ തകര്‍ന്ന വടക്കന്‍ ഇറ്റലിയിലെയും തെക്കന്‍ ഫ്രാന്‍സിലെയും ദുരിതബാധിത പ്രദേശങ്ങളില്‍ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് രാത്രിയിലും പകലും സേവനം ചെയ്യുന്നത്. നിലവില്‍ സാഹചര്യങ്ങള്‍ ശാന്തമായി വരികയാണ്.

Exit mobile version