രോഗികളെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും വീടുകളില്‍ പൂട്ടിയിട്ട് ചൈന : കോവിഡ് വ്യാപനവും പ്രതിരോധവും രാജ്യത്തെ വലയ്ക്കുന്നു

China | Bignewslive

ബെയ്ജിങ് : ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം ലോഹവടികള്‍ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കും. പ്രേതബാധ തടയുന്നതാണെന്ന് കരുതേണ്ട, ചൈനയുടെ കോവിഡ് പ്രതിരോധ നടപടികളാണ്. കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ ചൈനയില്‍ മിക്ക സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വീടുകളും വീടിരിക്കുന്ന സ്ഥലങ്ങളുമെല്ലാം കനത്ത പ്രതിരോധ നടപടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ചൈനയുടെ കോവിഡ് പ്രതിരോധം എങ്ങനെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും വീടിനകത്ത് പൂട്ടിയിട്ടാണ് പ്രതിരോധം. പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം ലോഹ വടികള്‍ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത്.

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ വുഹാനില്‍ കണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനം മാത്രമാണിതെന്ന് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യൂട്യൂബ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലെല്ലാം ചൈന കോവിഡ് പ്രതിരോധം നടപ്പാക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

വീട്ടുനിരീക്ഷണത്തിലുള്ളവര്‍ ഒരു ദിവസം മൂന്ന് തവണയിലേറെ വീടിന്റെ വാതിലുകള്‍ തുറന്നാല്‍ ഉദ്യോഗസ്ഥര്‍ അവരെ വീട്ടില്‍ പൂട്ടിയിടുമെന്നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് 17 പ്രവിശ്യകളിലായി 143 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഓഗസ്റ്റ് 9ന് ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 35 പേര്‍ വിദേശത്ത് നിന്ന് വന്നവരും 108 പേര്‍ പ്രവാസികളുമാണ്.

Exit mobile version