ചൈനയില്‍ എല്‍ജിബിടിക്യൂ+ അക്കൗണ്ടുകള്‍ നീക്കി വിചാറ്റ്

WeChat | Bignewslive

ബെയ്ജിങ് : എല്‍ജിബിടിക്യൂ+ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ചൈനയിലെ ടെക്ക് ജയന്റ് വിചാറ്റ്. എല്‍ജിബിടിക്യൂ+ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടേതുള്‍പ്പടെ പന്ത്രണ്ടോളം അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തത്.

അക്കൗണ്ടുകളിലെ ഉള്ളടക്കം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാരിന്റെ നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക പരാതികളും ലഭിച്ചിരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചു. പത്ത് വര്‍ഷം മുമ്പ് ഇതിലും പുരോഗമന ചിന്തയുള്ള സമൂഹമായിരുന്നു ചൈനയുടേതെന്നും ഇത്തരം നിയന്ത്രണങ്ങളിലൂടെ പതിയെപ്പതിയെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാവുകയാണ് ചെയ്യുന്നതെന്നും പലരും ചൂണ്ടിക്കാട്ടി.

എന്നാല്‍ വലിയൊരു വിഭാഗം നടപടി സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടു. വിദേശശക്തികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ തനത് സംസ്‌കാരം തിരിച്ചുപിടിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് ദേശീയവാദികള്‍ പറയുന്നത്. എല്‍ജിബിടിക്യൂ അക്കൗണ്ടുകള്‍ മിക്കതും വിദേശശക്തികളുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും വിദ്യാര്‍ഥികളിലെ മൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു.

1997ലാണ് ഹോമോസെക്ഷ്വാലിറ്റി ചൈനയില്‍ വിവേചനരഹിതമാക്കുന്നത്.2001ല്‍ മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്ന് സ്വവര്‍ഗ്ഗപ്രണയം നീക്കിയതും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.എന്നാല്‍ രാജ്യത്ത് സ്വവര്‍ഗ്ഗവിവാഹം നിയമപരമല്ല. എല്‍ജിബിടിക്യൂ സമൂഹത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഇന്നും എല്ലാ മേഖലകളിലും രാജ്യത്ത് വിവേചനമുണ്ട്.

Exit mobile version