വിയറ്റ്‌നാമിൽ കണ്ടെത്തിയ കൂടുതൽ അപകടകാരിയായ വൈറസ് പുതിയ കോവിഡ് വകഭേദമല്ല, ഇന്ത്യയിലെ ഡെൽറ്റ വകഭേദത്തിന്റെ ഭാഗം: ലോകാരോഗ്യ സംഘടന

covid19

യുണൈറ്റഡ് നേഷൻസ്: വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയ അതിതീവ്ര വ്യാപന കഴിവും കൂടുതൽ അപകടകാരിയുമായ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (ബി.1.617) ഭാഗമാണിതെന്നാണ് വിയറ്റ്‌നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്‌നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ലെന്നും അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിതെന്നും കിഡോങ് പാർക്ക് ചൂണ്ടിക്കാട്ടി. ഈ വൈറസിനെ സംബന്ധിച്ച് കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും നിക്കി ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കിഡോങ് പാർക്ക് വ്യക്തമാക്കി.

നേരത്തെ, വിയറ്റ്‌നാമിൽ കൂടുതൽ അപകടകാരിയായ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിരുന്നു. വിയറ്റ്‌നാമിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഇന്ത്യൻ, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും വിയ്റ്റ്‌നാം മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് ഒന്നാംതരംഗത്തിൽ വലിയരീതിയിൽ കേടുപാടുകളില്ലാതെ അതിജീവിച്ച വിയറ്റ്‌നാമിന് പക്ഷെ രണ്ടാം തരംഗത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഏപ്രിൽ മുതൽ വിയറ്റ്‌നാമിൽ പുതിയ കേസുകൾ വർധിക്കുകയാണ്. 9000ത്തോളെ കോവിഡ് രോഗികൾ വരെ രാജ്യത്തുണ്ടായത് വലിയ ആശങ്കയായിരുന്നു. കഴിഞ്ഞ ദിവസം 241 പേർക്ക് വിയറ്റ്‌നാമിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version