കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം; പ്രധാനമന്ത്രിക്ക് ലക്ഷങ്ങൾ പിഴയിട്ട് നോർവീജിയൻ പോലീസ്

ഓസ്ലോ: പിറന്നാൾ ദിനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാർട്ടി നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവീജിയ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്.

പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് നോർവീജിയയിലെ കോവിഡ് ചട്ടം.

തുടർന്ന് മാധ്യമങ്ങളിലടക്കം സംഭവം വലിയ വിവാദമാവുകയും തനിക്കുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇത്തരം കോവിഡ് പ്രതിരോധത്തിലുണ്ടാക്കുന്ന വീഴ്ചകളിൽ സാധാരണ പോലീസ് കർശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

‘നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല’, പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഓലെ സീവേഡ് പറഞ്ഞു.

Exit mobile version