കൊട്ടാരത്തിൽ അനുഭവിച്ചത് വ്യക്തിഹത്യയും വംശീയതയും; കേറ്റ് തന്നെ കരയിപ്പിച്ചു; ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചെന്ന് മേഗൻ; രാജകുടുംബത്തിന് എതിരെ സോഷ്യൽമീഡിയ

kate and meghan1

ലോസ് ആഞ്ജലിസ്: ഓഫ്ര വിൻഫ്രിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തങ്ങൾ എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എല്ലാ പദവികളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടതെന്ന് വിശദമാക്കി മേഗൻ മെർക്കലും ഹാരിയും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരിയെ വിവാഹം ചെയ്ത് ബക്കിങാം കൊട്ടാരത്തിലെത്തിയത് തൊട്ട് അനുഭവിച്ചത് മോശമായ കാര്യങ്ങളായിരുന്നെന്നും കൊട്ടാര ജീവിതം തന്നെ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിപ്പിച്ചെന്നും നടിയും നിർമാതാവുമായ മേഗൻ മെർക്കലിന്റെ വെളിപ്പെടുത്തൽ.

കൊട്ടാരത്തിൽ എത്തിയതുമുതൽ അവഗണനയും മാനസികപീഡനവുമാണ് നേരിട്ടത്. കൊട്ടാരത്തിലുള്ളവർ വംശീയമായി അധിക്ഷേപിച്ചു. താൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു-മേഗൻ പറയുന്നു. ഹാരിയുടെ സഹോദരൻ വില്ല്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടൺ വളരെ മോശമായാണ് പെരുമാറിയതെന്നും മേഗൻ വെളിപ്പെടുത്തി. വിവാഹത്തിനു ദിവസങ്ങൾക്കുമുമ്പ് വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടണെ താൻ കരയിപ്പിച്ചെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റായിരുന്നെന്നും മേഗൻ പറഞ്ഞു.

”കൊട്ടാരത്തിലെ എല്ലാവർക്കും അതറിയാം. കേറ്റ്, എന്നെയാണ് കരയിച്ചത്. പിന്നീടവർ മാപ്പുചോദിച്ചു. വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത്. 94കാരിയായ രാജ്ഞിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അവരെ ഏറെ ബഹുമാനിച്ചിരുന്നു.”- മേഗൻ പറഞ്ഞു.

”കൊട്ടാരം വിട്ടതിൽ കുറ്റബോധമില്ല. ഞങ്ങളെയോർത്ത് ഞാനഭിമാനിക്കുന്നു. ഏറ്റവും മോശം സമയത്താണ് മേഗൻ, ആർച്ചിക്ക് ജന്മം നൽകിയത്. കരഞ്ഞുകൊണ്ട് കുഞ്ഞിന് പാലുകൊടുക്കുന്ന മേഗനെയാണ് എന്നും ഞാൻ കണ്ടത്. ഞങ്ങൾക്കുവേണ്ടിയാണ് കൊട്ടാരം വിട്ടത്.”-ഹാരി പറഞ്ഞു.

അതേസമയം, ഹാരിയുടേയും മേദന്റെയും തുറന്നുപറച്ചിൽ സോഷ്യൽമീഡിയയേയും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. രാജകൊട്ടാരത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകൾ ട്വിറ്ററിൽ ഉൾപ്പടെ ട്രെൻഡായിരിക്കുകയാണ്.

ഹാരിയും മേഗനും കുഞ്ഞും രാജപദവികളെല്ലാം ഉപേക്ഷിച്ചാണ് കൊട്ടാരം വിട്ടത്. ഇരുവരും കൊട്ടാരം വിട്ട് കാനഡയിലേക്ക് പറക്കുകയായിരുന്നു.

Exit mobile version