‘സൗന്ദര്യം വേദനയാണ്’; 175 കോടി വിലവരുന്ന വജ്രം നെറ്റിയിൽ പതിപ്പിച്ച് അമേരിക്കൻ റാപ്പർ; ചിരിക്കണോ അഭിനന്ദിക്കണോ എന്നറിയാതെ സോഷ്യൽമീഡിയ

illluzivert

ആഡംബര ഭ്രമം മൂത്താൽ മനുഷ്യർ എന്തു ചെയ്യും? എന്ന ചോദ്യത്തിന് എന്തും ചെയ്തു കളയും എന്ന മറുപടിയാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. വജ്രങ്ങളോടുള്ള അഭിനിവേശം കാരണം അമേരിക്കൻ റാപ്പറായ ലിൽ ഉസി വെർട്ട് നെറ്റിയിൽ വജ്രം പതിപ്പിച്ചാണ് സൈബർ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്.

വർട്ട് നെറ്റിയിൽ പതിപ്പിച്ചിരിക്കുന്നത് സാധാരണ തിളങ്ങുന്ന ഒരു കല്ലൊന്നുമല്ല. ഏകദേശം 24 ദശലക്ഷം ഡോളർ (ഏകദേശം 175 കോടി ഇന്ത്യൻ രൂപ) വിലയുള്ള തനി ആഡംബര വജ്രമാണ്. പിങ്ക് വജ്രക്കല്ല് തിലകക്കുറി പോലെ നെറ്റിയിൽ ഒട്ടിച്ചുപിടിപ്പിച്ച ഗായകൻ ശേഷം ഇൻസ്റ്റഗ്രാമിൽ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയായിരുന്നു.

വെർട്ട് പാട്ടിന് താളം പിടിക്കുന്ന വാഡിയോയിൽ നെറ്റിയിലെ വജ്രം വെട്ടിത്തിളങ്ങുന്നത് കണ്ട് ആരാധകർക്കും അതിശയമായി. ‘സൗന്ദര്യം വേദനയാണ്’ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വജ്രം ഉപയോഗിച്ച് മോതിരം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘മോതിരം നഷ്ടമായാൽ നെറ്റിയിൽ ഇത് പതിപ്പിച്ചതിനേക്കാൾ കൂടുതൽ കളിയാക്കൽ ഉണ്ടാകും’- എന്നാണ് 26കാരനായ വെർട്ടിന്റെ മറുപടി.

ഈ വർഷം ജനുവരി 30ന് ഈ വജ്രത്തെക്കുറിച്ച ലിൽ ഉസി വെർട്ട് എന്നറിയപ്പെടുന്ന സൈമർ ബൈസിൽ വുഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതൽ പണം നൽകി കൊണ്ടിരിക്കുകയാണെന്നും ആഡംബര ജ്വല്ലറി ബ്രാൻഡായ എല്ലിയറ്റിൽ നിന്നാണ് ഈ വജ്രമെന്നും ആയിരുന്നു ആ ട്വീറ്റ്.

വജ്രം വെച്ചുപിടിപ്പിച്ച ശേഷമുള്ള ചില ചിത്രങ്ങളിൽ വെർട്ടിന്റെ നെറ്റിയിൽ ചോര പൊടിഞ്ഞിരിക്കുന്നതും കാണാം. എംടിവി മ്യൂസിക് വിഡിയോ അവാർഡ് ജേതാവായ വെർട്ടിന്റെ ആഡംബര ജീവിതം മുൻപും വാർത്തയായിട്ടുണ്ട്. എന്നാൽ ഇത്തവണ അൽപം അതിരുകടന്നുപോയെന്ന വിമർശനമാണ് കൂടുതൽ പേരും ഉന്നയിക്കുന്നത്.

Exit mobile version