കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

covid test

പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാലയാണ് പരീക്ഷണനിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുരുഷന്മാർ കോവിഡ് ബാധിതരായതിന് ശേഷം ബീജങ്ങൾ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വർധിക്കുക, നീർവീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പഠനം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാൽ പ്രത്യുത്പാദന ശേഷിയെ ബാധിക്കാൻ കൊറോണ വൈറസിന്റെ കഴിവ് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു.

കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോർമോണുകളേയും ബീജത്തിന്റെ വളർച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങൾ നേരത്തേയും പുറത്തുവന്നിരുന്നു.

84 പുരുഷന്മാരിൽ 60 ദിവസം നടത്തിയ പഠനത്തിന് ഒടുവിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും ചേർത്താണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു.

Exit mobile version