അബദ്ധത്തില്‍ വിവാഹമോതിരം ടോയ്‌ലറ്റില്‍ നഷ്ടമായി; ഒന്‍പതുവര്‍ഷത്തിന് ശേഷം വിവാഹവാര്‍ഷിക ദിനത്തില്‍ മോതിരം തിരിച്ചുകിട്ടി

വാഷിങ്ടണ്‍: വളരെ പവിത്രമായി സൂക്ഷിക്കുന്നതാണ് വിവാഹമോതിരം, അബദ്ധത്തില്‍ ടോയ്‌ലറ്റില്‍ നഷ്ടപ്പെട്ട വിവാഹമോതിരം ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം
തിരികെ കിട്ടിയ സന്തോഷത്തിലാണ് പൗല സ്റ്റാന്റണ്‍ എന്ന അറുപതുകാരി.

നഷ്ടപ്പെട്ട മോതിരം തന്റെ 20-ാം വിവാഹ വാര്‍ഷികത്തിലാണ് പൗലയ്ക്ക് തിരിച്ച് കിട്ടിയത്. ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെയാണ് അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിയായ പൗലയുടെ വിവാഹ മോതിരം നഷ്ടമായത്. വജ്രം പതിച്ച വിവാഹ മോതിരം ടോയ്ലറ്റില്‍ ഫ്‌ലഷ് ചെയ്ത് പോകുകയായിരുന്നു.

തുടര്‍ന്ന് മോതിരം നഷ്ടപ്പെട്ട വിവരം പൗല ഭര്‍ത്താവിനെ അറിയിച്ചു. പൗലയ്ക്കായി അദ്ദേഹം കളഞ്ഞുപോയ മോതിരത്തിന്റെ അതേ ഡിസൈനുള്ള മറ്റൊരു മോതിരം സമ്മാനിച്ചു. രണ്ട് വര്‍ഷം മുമ്പാണ് നഷ്ടപ്പെട്ടുപോയ മോതിരം അന്വേഷിച്ച് പൗല ന്യൂജഴ്‌സിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ എത്തുന്നത്.

തന്റെ മോതിരം നഷ്ടപ്പെട്ടത്തിനെക്കുറിച്ച് പൗല ഉദ്യോഗസ്ഥരെ അറിയിച്ചു. മോതിരത്തിനായി അന്വേഷണം നടത്തുമെന്നും കിട്ടുകയാണെങ്കില്‍ വിളിക്കാമെന്നും പൗലയെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ടെഡ് ഗോഗോള്‍ എന്ന ജോലിക്കാരന്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മോതിരം കണ്ടെടുത്തത്. പൗലയുടെ വീട്ടില്‍ നിന്നും 400 അടിയോളം അടുത്തായാണ് മോതിരം കണ്ടെത്തിയത്. തിളങ്ങുന്ന ഒരു വസ്തു ചളിയില്‍ പുതഞ്ഞ് കിടക്കുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ഗോഗോള്‍ പറഞ്ഞു. പെറോക്‌സൈഡിലും നാരങ്ങാ ജ്യൂസിലും തിളപ്പിച്ച് ശുദ്ധിയാക്കിയതിന് ശേഷമാണ് പൗല മോതിരം വിരലിലണിഞ്ഞത്.

Exit mobile version