പോലീസ് വേഷത്തിലെത്തി 78 സ്ത്രീകളെ കൊലപ്പെടുത്തി, കാരണം ഭാര്യ വഞ്ചിച്ചത്

രാജ്യം കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലര്‍ വീണ്ടും ജയിലിലേക്ക്

എട്ടുവര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ റഷ്യയിലെ മുന്‍ പോലീസുകാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭാര്യ വഞ്ചിച്ചതിന് പ്രതികാരമായാണ് ഇയാള്‍ 78 സ്ത്രീകളെ കൊലപ്പെടുത്തിയത്. പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. റഷ്യ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലര്‍ മിഖായേല്‍ പോപ്പ്‌കോവിന് സൈബീരിയന്‍ കോടതിയാണ് ശിക്ഷവിധിച്ചത്.

ഇന്‍കുട്‌സ്‌കിലെ പൊലീസുകാരനായ പോപ്‌കോവ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്ക് മറ്റൊരു പോലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണ് സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഇയാളുടെ ഭാര്യയും പോലീസ് ഡിപ്പാന്‍ട്ട്‌മെന്റ് ജീവനക്കാരിയാണ്.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരും, മദ്യപിച്ചു നടന്നിരുന്ന യുവതികളുമായിരുന്നു പോപ്‌ക്കോവിന്റെ ഇരകളായത്. മിക്കവരുടെയും പ്രായം 17 നും 50 നും മധ്യേ. 1992 മുതല്‍ 2010 വരെയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. 56 കാരനായ മിഖായേലിനെ 22 സ്ത്രീകളെ കൊന്ന കേസില്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിരുന്നു. 56 പേരെ കൂടി വധിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ശിക്ഷ വിധിച്ചത്.

ഇയാളില്‍ നിന്നും രക്ഷപ്പെട്ടവരില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. രണ്ടു ദശകത്തോളം പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു ഇയാള്‍. തുടര്‍കൊലപാതകങ്ങളിലെ സമാനതയാണ് ഇയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.

രാത്രിയില്‍ പോലീസ് വേഷത്തില്‍ കാറില്‍ കറങ്ങി കാണുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്. കത്തി, കോടാലി എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നത്. കൊലപാതകശേഷം ഇയാള്‍ മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ കൊലപാതകി, വികൃതജന്തു എന്നിങ്ങനെയാണ് റഷ്യന്‍ മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിക്കുന്നത്.

Exit mobile version