ഈ വർഷം ട്വീറ്റുകളിൽ നിറഞ്ഞത് ബൈഡനും ട്രംപും; ഹാഷ്ടാഗുകളിൽ ഒന്നാമൻ ‘കോവിഡ് 19’; ഇന്ത്യക്കാർ കോവിഡിനേക്കാൾ ഗൂഗിളിൽ തിരഞ്ഞത് ഐപിഎൽ!

leaders | social media news

സോഷ്യൽമീഡിയയിൽ വലിയ വിപ്ലവം തന്നെ സംഭവിച്ച ഈ വർഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട പേര് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെത്. തൊട്ടു പിന്നാലെ തന്നെ രണ്ടാം സ്ഥാനവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. ട്വിറ്ററിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏഴാം സ്ഥാനത്തായാണ് പട്ടികയിലുള്ളത്.

നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ആദ്യപത്തിൽ ഇടം നേടിയ ഏക വനിതയായി. ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ, ബരാക്ക് ഒബാമ, നരേന്ദ്ര മോഡി, കമല ഹാരിസ് എന്നിവർ തന്നെയാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ആഗോള നേതാക്കളെന്ന് ട്വിറ്ററിന്റെ കൺസ്യൂമർ കമ്മ്യൂണിക്കേഷൻസ് ആഗോള തലവൻ ട്രസി മക്ഗ്രൗ പറയുന്നു. 700 ദശലക്ഷത്തിലധികം ട്വീറ്റുകളാണ് ലോകത്താകെയുള്ള തെരഞ്ഞെടുപ്പുകളെക്കുറിച്ച് ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് മഹാമാരി ലോകം ഭരിച്ച ഈ വർഷത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് #COVID 19 എന്ന ഹാഷ്ടാഗ് തന്നെയാണ്. കൊവിഡുമായി ബന്ധപ്പെട്ട #StayHome ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഒരുപാട് പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയ യുഎസിലെ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ #BlackLivesMatter ആണ് രണ്ടാം സ്ഥാനത്തുള്ള ഹാഷ്ടാഗ്. റാപ്പർ കന്യെ വെസ്റ്റ്, ബാസ്‌ക്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് എന്നിവരും ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.

കായികപ്രേമികളുടെ ആവേശമായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത്. രണ്ടാമതായി കൊറോണ വൈറസിനെയാണ് തിരഞ്ഞിട്ടുള്ളത്. ഡാൽഗോണ കോഫി, രോഗപ്രതരോധ ശേഷി വർധിപ്പിക്കുന്നത്, കോട്ടേജ് ചീസ് ഉണ്ടാക്കുന്നത് തുടങ്ങിയ കാര്യങ്ങളും ഇന്ത്യക്കാർ തിരഞ്ഞവയിൽ മുന്നിലുണ്ട്.

Exit mobile version