അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ബ്രിട്ടണ്‍

pfizer covid vaccine | big news live

ലണ്ടന്‍: അലര്‍ജിയുളളവര്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണ്‍. ആദ്യദിവസം വാക്‌സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവെപ്പിനെ തുടര്‍ന്ന് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം.

‘വാക്‌സിന്‍ സ്വീകരിച്ച രണ്ട് എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് അനഫൈലക്ടോയിഡ് റിയാക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്’ എന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് അറിയിച്ചത്. പുതിയ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വീകരിക്കാറുളള സാധാരണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് മുമ്പ് അലര്‍ജി റിപ്പോര്‍ട്ട് ചെയ്തിട്ടുളളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് എന്‍എച്ച്എസ് ജോലിക്കാര്‍ക്കാണ് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും അലര്‍ജി ചരിത്രമുളളവരാണ്. അതേസമയം ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

ബയോണ്‍ടോക്-ഫൈസറിന്റെ കൊവിഡ് വാക്‌സിന് ആദ്യം അംഗീകാരം നല്‍കിയത് ദ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എംഎച്ച്ആര്‍എ അറിയിച്ചിട്ടുണ്ട്. ഫൈസറും ബയോണ്‍ടെക്കും എംഎച്ചആര്‍എയുടെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മൂന്നുഘട്ട പരീക്ഷണങ്ങളിലും മുമ്പ് അലര്‍ജിയുണ്ടായിട്ടുളളവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഫൈസര്‍ അധികൃതര്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് ബ്രിട്ടണില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Exit mobile version